'തെരഞ്ഞെടുപ്പായില്ലേ, ഇങ്ങനെയൊക്കെ സംഭവിക്കും'; അഴിമതി കേസില്‍ കോടതി കുറ്റം ചുമത്തിയതില്‍ തേജസ്വി യാദവ്
India
'തെരഞ്ഞെടുപ്പായില്ലേ, ഇങ്ങനെയൊക്കെ സംഭവിക്കും'; അഴിമതി കേസില്‍ കോടതി കുറ്റം ചുമത്തിയതില്‍ തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 3:20 pm

ന്യൂദല്‍ഹി: ഐ.ആര്‍.സി.ടി.സി അഴിമതി കേസില്‍ റോസ് അവന്യൂ കോടതി തനിക്കും കുടുംബത്തിനും എതിരെ കുറ്റം ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്‍.ജെ.ഡി നേതാവും മുന്‍ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. തെരഞ്ഞെടുപ്പ് അടുത്തുവെന്നും ബീഹാറിലെ ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടെന്നും തേജസ്വി പ്രതികരിച്ചു.

‘തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയല്ലേ, അപ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ഇനിയും സംഭവിക്കും. പക്ഷെ, ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യത്തിലെത്തും. ബീഹാറിലെ ജനങ്ങളെല്ലാം കാണുന്നുണ്ട്’, തേജസ്വി പറഞ്ഞു.

ബി.ജെ.പി അധികാരത്തിലിരിക്കുന്ന കാലത്തോളം പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘കൊടുങ്കാറ്റിനോട് പൊരുതുന്നത് രസകരമാണ്. ഞങ്ങള്‍ പോരാട്ടത്തിന്റെ പാത തെരഞ്ഞെടുത്തു കഴിഞ്ഞു. ഞങ്ങള്‍ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. ഞങ്ങള്‍ പോരാടും, വിജയിക്കും. ഞങ്ങള്‍ ബീഹാറികളാണ്. ബഹാറികളെ (പുറത്തുനിന്നുള്ളവരെ) ഭയപ്പെടില്ല’, ബി.ജെ.പിയെ ലക്ഷ്യമിട്ടുകൊണ്ട് തേജസ്വി വ്യക്തമാക്കി.

ബീഹാര്‍ മുന്‍മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനും എതിരെ തിങ്കളാഴ്ചയാണ് ഐ.ആര്‍.സി.ടി.സി അഴിമതിക്കേസില്‍ ദല്‍ഹി കോടതി കുറ്റം ചുമത്തിയത്.

ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായിരിക്കെ 2004 മുതല്‍ 2009 വരെ റാഞ്ചിയിലെയും പുരിയിലെയും ഐ.ആര്‍.സി.ടി.സി ഹോട്ടലുകളുടെ പ്രവര്‍ത്തന കരാറുകള്‍ സ്വകാര്യസ്ഥാപനത്തിന് നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

പാട്‌ന ആസ്ഥാനമായുള്ള സുജാത ഹോട്ടല്‍സിന് ഇന്ത്യന്‍ റെയില്‍വേയുടെ ബി.എന്‍.ആര്‍ ഹോട്ടലിന്റെ അറ്റകുറ്റപ്പണികള്‍, പരിപാലനം എന്നിവയ്ക്കായി പാട്ടത്തിന് നല്‍കിയതില്‍ അഴിമതി നടന്നെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ടെന്‍ഡറില്‍ കൃത്രിമം കാണിച്ചെന്നാണ് അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലാലുപ്രസാദിന് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

റാബ്‌റി ദേവി, തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ ഗൂഢാലോചനാ, വഞ്ചനാക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2017ലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് സി.ബി.ഐ കോടതിയില്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം, കോടതിയില്‍ നേരിട്ട് ഹാജരായി മൂന്നുപേരും കുറ്റം നിഷേധിച്ചിരുന്നു. കഴിഞ്ഞമാസമാണ് കേസിലെ എല്ലാ പ്രതികളോടും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി ഉള്‍പ്പെടുന്ന ഇന്ത്യാ മുന്നണി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് വീണ്ടും കേസ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതോടെ വലിയ വിമര്‍ശനമാണ് ആര്‍.ജെ.ഡിക്ക് നേരെ ഉയരുന്നത്. കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ആര്‍.ജെ.ഡിക്ക് സാധിച്ചിരുന്നു.

കഴിഞ്ഞദിവസം, എന്‍.ഡി.എ സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയിരുന്നു. ജെ.ഡി.യുവും ബി.ജെ.പിയും 101 വീതം സീറ്റുകളില്‍ മത്സരിക്കും. ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി (ആര്‍.വി)ക്ക് 29 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. മറ്റ് സഖ്യകക്ഷികളായ എച്ച്.എ.എമ്മും ആര്‍.എല്‍.വിയും ആറ് വീതം സീറ്റുകളില്‍ മത്സരിക്കും.

അതേസമയം, പ്രതിപക്ഷ സഖ്യമായ ഇന്ത്യാസഖ്യം ഇന്ന് (തിങ്കളാഴ്ച)സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Election is coming this is what will happen’; Tejashwi Yadav on IRCTC case charge in corruption case