ആര്‍.ബി. ശ്രീകുമാറിനും ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് കുടുംബം; ടീസ്ത സെതല്‍വാദ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും
national news
ആര്‍.ബി. ശ്രീകുമാറിനും ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് കുടുംബം; ടീസ്ത സെതല്‍വാദ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd September 2022, 9:19 am

ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് കോടതി ജാമ്യം അനുവദിച്ചത് തങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ആര്‍.ബി. ശ്രീകുമാറിന്റെ കുടുംബം.

‘ടീസ്തയുടെ കാര്യത്തിലെ വിധി ഞങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷ നല്‍കുന്നു, സെഷന്‍സ് കോടതി തള്ളിയതിന് ശേഷം എന്തുകൊണ്ടാണ് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാത്തതെന്ന് ഞങ്ങള്‍ക്കറിയില്ല,’ ആര്‍.ബി. ശ്രീകുമാറിന്റെ മകള്‍ ദീപ ശ്രീജിത്ത് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

അതിനിടെ, കോടതി ഇടക്കാല ജാമ്യം ലഭിച്ചതോടെ ടീസ്ത സെതല്‍വാദ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. അലഹബാദ് സെഷന്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അന്വേഷണസംഘത്തോട് സഹകരിക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ.

ശനിയാഴ്ച തന്നെ സെഷന്‍ കോടതിയില്‍ ടീസ്തയെ ഹാജരാക്കാന്‍ സുപ്രിം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘നിരപരാധികളായ’വര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 25 നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപക്കേസില്‍ മോദിയടക്കമുള്ളവര്‍ക്ക് പങ്കില്ലെന്ന എസ്.ഐ.ടി കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.

സമാനകേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പിയായിരുന്ന ആര്‍.ബി. ശ്രീകുമാര്‍, ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ടീസ്ത കോടതിയെ സമീപിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

കേസ് പരിഗണിക്കുന്നതിനിടെ ടീസ്ത സെതല്‍വാദിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ടീസ്തയുടെ ജാമ്യാപേക്ഷയിലെ തീരുമാനം അനാവശ്യമായി വലിച്ചുനീട്ടുന്ന ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത കോടതി കേസിന്റെ പ്രത്യേകതകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും പറഞ്ഞിരുന്നു.

ടീസ്തക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചത്.