ബലാത്സംഗ കേസുകളുടെ എണ്ണം കൂടാന്‍ കാരണം നിര്‍ബന്ധിത എഫ്.ഐ.ആര്‍; പകുതിയിലധികം കേസുകളും വ്യാജം: അശോക് ഗെലോട്ട്
national news
ബലാത്സംഗ കേസുകളുടെ എണ്ണം കൂടാന്‍ കാരണം നിര്‍ബന്ധിത എഫ്.ഐ.ആര്‍; പകുതിയിലധികം കേസുകളും വ്യാജം: അശോക് ഗെലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd September 2022, 9:01 am

ജയ്പൂര്‍: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളില്‍ പകുതിയിലധികവും വ്യാജമാണെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍ എന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) ഡാറ്റ പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.

നിര്‍ബന്ധിത എഫ്.ഐ.ആര്‍ രജിസ്‌ട്രേഷന്‍ നയമാണ് (compulsory FIR registration policy) കേസുകളുടെ എണ്ണം ഇത്ര കൂടാന്‍ കാരണമെന്നും എന്നാല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ 56 ശതമാനവും വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെടുന്നുണ്ടെന്നുമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞത്.

ഇത്തരം കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും ഇത്തരം കേസുകളില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ജയ്പൂരില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി.

”ആരാണ് ബലാത്സംഗങ്ങള്‍ നടത്തുന്നത്? ഒരു വിദേശി അത് ചെയ്യുമോ?

ഭൂരിഭാഗം കേസുകളിലും, സ്ത്രീയുടെ ബന്ധുക്കളാണ് കുറ്റവാളികള്‍. അറിയാവുന്ന ആളുകള്‍, കുടുംബവുമായി അടുത്ത ബന്ധമുള്ള ആളുകള്‍, ബന്ധുക്കള്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 56 ശതമാനവും കള്ളക്കേസുകളാണ്,” ഗെലോട്ട് പറഞ്ഞു.

കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ വര്‍ധനവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് എന്‍.സി.ആര്‍.ബിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടെന്നും വിമര്‍ശകര്‍ വസ്തുതകളെ അടിസ്ഥാനമാക്കി അവരുടെ വാദത്തെ സ്ഥാപിക്കണമെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനില്‍ നിയമസംവിധാനവും ക്രമസമാധാനവും വലിയ പരാജയമാണെന്ന ബി.ജെ.പിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളോടും രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രതികരിച്ചു. തന്റെ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും ബജറ്റും കണ്ട് പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി പിന്നോക്കാവസ്ഥയിലായിരിക്കുകയാണെന്നാണ് ഗെലോട്ട് ഇതിന് മറുപടി പറഞ്ഞത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു, ബലാത്സംഗ കേസുകള്‍ സംബന്ധിച്ച ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. കണക്ക് പ്രകാരം 2021ല്‍ രാജസ്ഥാനില്‍ 6337 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ബി.ജെ.പി ഉന്നയിച്ചത്.

Content Highlight: Rajasthan CM Ashok Gehlot says high rape cases are due to mandatory FIRs and more than half of the charges are false