ഞാന്‍ പാരീസിലെത്തിയ നിമിഷം മുതല്‍ എന്നോടൊപ്പം നിന്നവരാണ്, മറക്കില്ല... സഹതാരങ്ങളെ കണ്ണീരോടെ യാത്രയാക്കി മെസി
Sports News
ഞാന്‍ പാരീസിലെത്തിയ നിമിഷം മുതല്‍ എന്നോടൊപ്പം നിന്നവരാണ്, മറക്കില്ല... സഹതാരങ്ങളെ കണ്ണീരോടെ യാത്രയാക്കി മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd September 2022, 10:29 pm

പി.എസ്.ജിയില്‍ നിന്നും പുതിയ ടീമിലേക്ക് ചേക്കേറുന്ന സഹതാരങ്ങള്‍ക്ക് വിടവാങ്ങല്‍ സന്ദേശം നല്‍കി സൂപ്പര്‍ താരം ലയണല്‍ മെസി. പാരീസ് വമ്പന്‍മാരുടെ മധ്യനിരയിലെ സൂപ്പര്‍ താരങ്ങളായ ലിയാന്‍ഡ്രോ പരേഡസിനും ആന്‍ഡര്‍ ഹരേരക്കുമാണ് താരം പ്രത്യേക ഫെയര്‍വെല്‍ മെസേജ് നല്‍കിയത്.

ലോണ്‍ അടിസ്ഥാനത്തിലാണ് ഇരു താരങ്ങളും പാര്‍ക് ഡെസ് പ്രിന്‍സ് വിടാനൊരുങ്ങുന്നത്. യുവന്റസിലേക്കാണ് പരേഡസ് ചേക്കെറുന്നത്. താരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ടീം ഒഫീഷ്യല്‍ സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കിയിട്ടുണ്ട്. 2011 മുതല്‍ 2014 വരെ കളിച്ചിരുന്ന തന്റെ പഴയ തട്ടകമായ അത്‌ലറ്റിക്കോ ബില്‍ബാവോയിലേക്കാണ് ഹരേര മടങ്ങുന്നത്.

താത്കാലികമായിട്ടാണ് ഇരുവരും ടീം വിടുന്നതെങ്കിലും മെസി ഇരുവര്‍ക്കും പ്രത്യേക ഫെയര്‍വെല്‍ മെസേജ് നല്‍കിയിരുന്നു. പുതിയ ക്ലബ്ബില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കട്ടെ എന്ന് മെസി ആശംസിക്കുകയും ചെയ്തു.

 

ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലായിരുന്നു താരം ഇരുവര്‍ക്കുമുള്ള വിടവാങ്ങല്‍ സന്ദേശം നല്‍കിയത്.

‘പുതിയ സ്റ്റേജില്‍ നിങ്ങള്‍ക്ക് എല്ലാവിധത്തിലുമുള്ള നേട്ടങ്ങളുമുണ്ടാവട്ടെ പരേഡസ്. നിരവധി നല്ല നിമിഷങ്ങള്‍ പാരീസില്‍ നിങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. നമ്മള്‍ ഒപ്പമുണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ഞാന്‍ മനസില്‍ സൂക്ഷിക്കും,’ എന്ന് ലിയാന്‍ഡ്രോ പരേഡസിനെ ടാഗ് ചെയ്ത് കുറിച്ചപ്പോള്‍, പാരീസിലെത്തിയ ആദ്യ ദിവസം മുതല്‍ക്കുതന്നെ കൂടെ നിന്ന ഹരേരക്കും ആശംസകള്‍ അറിയിച്ചു.

View this post on Instagram

A post shared by Leo Messi (@leomessi)

‘നിനക്കും ഗുഡ് ലക്ക് നേരുകയാണ് ഹരേര. നിങ്ങളെ കണ്ടുമുട്ടിയതുതന്നെ ഏറെ മികച്ചതയിരുന്നു. പാരീസിലെത്തിയ ആദ്യം ദിനം തന്നെ എന്നെ സ്വീകരിച്ചതിലും ഞാന്‍ നന്ദി പറയുന്നു. ലാ ലീഗയിലേക്കുള്ള നിങ്ങളുടെ മടക്കത്തിന് എല്ലാ വിധ ആശംസകളും,’ എന്നായിരുന്നു ഹരേരയെ ടാഗ് ചെയ്തുകൊണ്ട് മെസി കുറിച്ചത്.

ഈ സീസണില്‍ ഇരുവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പി.എസ്.ജി നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ നാലിലും ഹരേര ബെഞ്ചില്‍ തന്നെയായിരുന്നു. സീസണില്‍ ആകെ 61 മിനിറ്റ് മാത്രമാണ് പരേഡസിന് കളിക്കാന്‍ സാധിച്ചത്.

പി.എസ്.ജിക്കൊപ്പം മുന്‍കാലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് ഇരുവരും ഇപ്പോള്‍ ടീം വിടുന്നത്.

പി.എസ്.ജിക്കായി 117 മത്സരങ്ങളാണ് പരേഡസ് കളിച്ചത്. മൂന്ന് ഗോളും പത്ത് അസിസ്റ്റും സ്വന്തമാക്കിയ പരേഡസ് പി.എസ്.ജിയുടെ മൂന്ന് ലീഗ് വണ്‍ കിരീടനേട്ടത്തിലും രണ്ട് ഫ്രഞ്ച് കപ്പ് വിജയത്തിലും പങ്കാളിയായിരുന്നു.

ഹരേരയാകട്ടെ 95 മത്സരമാണ് ഫ്രഞ്ച് വമ്പന്‍മാര്‍ക്കായി കളിച്ചത്. ആറ് വീതം ഗോളും അസിസ്റ്റും സ്വന്തമാക്കിയ താരം, രണ്ട് ലീഗ് വണ്‍ കിരീടനേട്ടത്തിലും രണ്ട് ഫ്രഞ്ച് കപ്പ് നേട്ടത്തലും ടീമിനൊപ്പമുണ്ടായിരുന്നു.

 

Content Highlight: Lionel Messi gives farewell message to Leandro Paredes and Ander Herrera.