അച്ഛൻ ജോജുവും മകൾ രജിഷയും: ചിരിപ്പിച്ച് 'ജൂൺ' ടീസർ
Entertainment
അച്ഛൻ ജോജുവും മകൾ രജിഷയും: ചിരിപ്പിച്ച് 'ജൂൺ' ടീസർ
ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 6:44 pm

കൊച്ചി: രജിഷ വിജയൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം “ജൂണി”ന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. ഇന്ന് ഉച്ചയോടെയാണ് യൂടൂബിലൂടെ ടീസർ പുറത്തിറങ്ങിയത്. രജിഷ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായെത്തുന്ന ചിത്രത്തിൽ രജിഷയുടെ അച്ഛന്റെ വേഷം കൈകാര്യം ചെയ്യുന്നത് നടൻ ജോജു ജോർജാണ്. ചിത്രത്തിലെ “മിന്നി മിന്നി” എന്ന ഗാനം യൂട്യൂബിൽ വൈറലായിരുന്നു.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തിന്റെ വേഷത്തിലാണ് രജിഷ എത്തുന്നത്. മുടി വെട്ടി, പല്ലുകളിൽ ക്ലിപ്പിട്ട്, തടി കുറച്ച് കഥാപാത്രത്തിന് വേണ്ടി രജിഷ നടത്തിയ തയാറെടുപ്പുകൾക്ക്‌ ആരാധകർക്കിടയിൽ വൻ പ്രചാരമായിരുന്നു ലഭിച്ചിരുന്നത്.

Also Read മിഠായിത്തെരുവിലെ ക്ഷേത്രത്തിനകത്തെ വി.എച്ച്.പി കാര്യാലയത്തില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു

ജൂണും മാതാപിതാക്കളായി വേഷമിടുന്ന ജോജുവും അശ്വതി മേനോനും പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ ഫോൺ വരുന്നതും അതുകണ്ട് ജൂൺ പരിഭ്രമിക്കുന്നതുമായാണ് ടീസറിൽ കാണുന്നത്. ചിരിപൊട്ടിക്കുന്ന രീതിയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ടീസറിൽ രജിഷയുടെയും ജോജുവിന്റെയും പ്രകടനമാണ് രസകരമാകുന്നത്.

ഒരു പെൺകുട്ടിയുടെ 17 വയസ്സ് മുതൽ 27 വയസ്സ് മുതലുള്ള ജീവിതകാലമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ജൂണിന്റെ ആദ്യ പ്രണയം, ജോലി, കുടുംബം എന്നീ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. “സത്യം ശിവം സുന്ദരം” ഫെയിം അശ്വതി മേനോൻ, അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും ചിത്രത്തിലുണ്ട്. പതിനഞ്ചിലേറെ പുതു മുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Also Read ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂ എന്ന് അവര്‍ കരുതുന്നു, കാലം മാറി: മുഖ്യമന്ത്രി

“അനുരാഗ കരിക്കിൻ വെള്ള”ത്തിലെ “എലി”യെ അവിസ്മരണീയമാക്കിയ രജിഷ വിജയൻ ദിലീപ് ചിത്രം “ജോർജേട്ടൻസ് പൂര”ത്തിനും “ഒരു സിനിമാക്കാരനും” ശേഷം നായികയായെത്തുന്ന ചിത്രമാണ് “ജൂൺ”. നവാഗതനായ അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2019 ഫെബ്രുവരിയിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.