ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂ എന്ന് അവര്‍ കരുതുന്നു, കാലം മാറി: മുഖ്യമന്ത്രി
kERALA NEWS
ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂ എന്ന് അവര്‍ കരുതുന്നു, കാലം മാറി: മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 1:32 pm

തിരുവനന്തപുരം: തന്റെ അച്ഛനും സഹോദരന്മാരും ചെത്ത് തൊഴിലാളികള്‍ ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ കുറച്ചു കാലമായി തന്റെ ജാതി തിരഞ്ഞു നടക്കുന്നു എന്നും താന്‍ ഇന്ന ജാതിയില്‍പ്പെട്ട ആളാണെന്ന് അവര്‍ എന്നെ ഓര്‍മിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂ എന്ന് അവര്‍ കരുതുന്നു. കാലം മാറി എന്ന കാര്യം ഇവരാരും ഓര്‍ക്കുന്നില്ല” എന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെയുള്ള ജാതീയ അധിക്ഷേപത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ശിവരാജന്‍ പിണറായി വിജയന്‍ തെങ്ങു കയറാന്‍ പോകുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നും ഇതിലും നല്ലത് തെങ്ങ് കയറാന്‍ പോകുന്നതാണെന്നും ആയിരുന്നു ശിവരാജന്റെ പരാമര്‍ശം.

അതേസമയം, സുപ്രീം കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ തന്ത്രി തന്റെ സ്ഥാനം രാജിവെക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

“വനിതകള്‍ ദര്‍ശനം നടത്തിയതിന് ശേഷം ആചാരലംഘനം നടന്നു എന്ന് പറഞ്ഞ് ക്ഷേത്രം അടച്ചിടുന്ന തന്ത്രിയുടെ നിലപാടാണ് നമ്മള്‍ കണ്ടത്. നട അടച്ചിടുന്നത് വിചിത്രമായ ഒരു നടപടിയാണ്. സുപ്രീം കോടതി വിധിയുടെ ലംഘനമാണിവിടെ നടന്നത്. സുപ്രീം കോടതി വിധിയില്‍ അതൃപ്തി ഉണ്ടായിരുന്നെങ്കില്‍ തന്ത്രി സ്ഥാനം രാജി വെച്ചു പോവുകയായിരുന്നു വേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു.


ക്ഷേത്രം അടച്ചിടണോ തുറന്നിടണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. അതിനാല്‍ ഇത് കോടതി അലക്ഷ്യം മാത്രമല്ലെന്നും ദേവസ്വം മാന്വലിനും എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിന്ദുവും കനകദുര്‍ഗയും ശബരിമല സന്നിധിയില്‍ എത്തിയത് ജനങ്ങളും ഭക്തരും അംഗീകരിച്ചതാണെന്നും ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ ഭക്തര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സ്വാഭാവിക പ്രതിഷേധം ഒന്നും ഉണ്ടായില്ലെന്നും ഇന്നത്തെ ഹര്‍ത്താല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.