ഭഭബയില്‍ എയറിലായ മോഹന്‍ലാലിനെ രക്ഷിക്കാന്‍ അവസാന ശ്രമവുമായി തരുണ്‍; നവരസ പോസ്റ്റിനും ട്രോള്‍
Malayalam Cinema
ഭഭബയില്‍ എയറിലായ മോഹന്‍ലാലിനെ രക്ഷിക്കാന്‍ അവസാന ശ്രമവുമായി തരുണ്‍; നവരസ പോസ്റ്റിനും ട്രോള്‍
നന്ദന എം.സി
Saturday, 17th January 2026, 12:06 pm

കഴിഞ്ഞ വർഷം റിലീസ് ചെയ്ത് പ്രേക്ഷക മനസിൽ ഇടം പിടിച്ച ചിത്രങ്ങളിൽ ഒന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’. മലയാള സിനിമയിലെ നിലവിലുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ മറികടന്ന് ചരിത്രം കുറിച്ച ചിത്രം എന്ന നിലയിലും, വർഷങ്ങൾക്കുശേഷം ശോഭന–മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചുവെന്ന നിലയിലും ‘തുടരും’ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ, സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച മോഹൻലാലിന്റെ അഭിനയ ഭാവമുഖങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. വിവിധ ഭാവങ്ങളിലും രൂപങ്ങളിലുമുള്ള മോഹൻലാലിന്റെ ദൃശ്യങ്ങളോടൊപ്പം തരുൺ മൂർത്തി എഴുതിയ കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

മോഹൻ ലാൽ, തരുൺ മൂർത്തി , Photo: Tharun Moorthy/ Facebook

‘ഒടുവിൽ, ഒരാളെങ്കിലും ശരിയായ വെളിച്ചത്തിൽ കണ്ടുവല്ലോ’ എന്ന് തുടങ്ങുന്ന കുറിപ്പിൽ, ഒരു കഥകളി കലാകാരനെന്ന നിലയിൽ മോഹൻലാലിലൂടെ ഒഴുകുന്ന നവരസങ്ങൾ സ്ക്രീനിൽ കാണാൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും, അവ മോണിറ്ററിൽ വിരിയുന്നത് ഒരു സ്വകാര്യ സന്തോഷമായിരുന്നുവെന്നും തരുൺ മൂർത്തി പറയുന്നു.

ഭഭബ സിനിമ ഒ.ടി.ടിയിലെത്തിയതിനു പിന്നാലെ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ മഴയാണ് ഉയർന്നത്. ചിത്രത്തിൽ ‘ഗില്ലി ബാല’ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്നത് വെറും രണ്ട് സീനുകളിലാണെങ്കിലും, അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ എയറിലാക്കാൻ കഴിയുന്ന ഒരു വേഷമായി മാറിയിരിക്കുകയാണത്.

മോഹൻ ലാൽ. Photo: IMDb

മാസ് പ്രകടനം കാട്ടാനുള്ള ശ്രമത്തിൽ തോക്കെടുത്ത് വെടിവെക്കുന്ന രംഗങ്ങളാണ് ട്രോളർമാർ ഏറ്റെടുത്തത്. ആ സീനുകൾ ആവർത്തിച്ച് ഉപയോഗിച്ച് വിവിധ മീമുകളും വീഡിയോ ക്ലിപ്പുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘കാട്ടിലെ കോമാളിത്തരങ്ങൾ’ എന്ന ക്യാപ്ഷനോടുകൂടി നിരവധി പേർ മോഹൻലാലിന്റെ അഭിനയത്തെ പരിഹസിച്ചും വിമർശിച്ചുമാണ് പ്രതികരിച്ചത്.

അത്തരമൊരു സാഹചര്യത്തിലാണ് എയറിലായ മോഹൻലാലിനെ രക്ഷിക്കാനെന്ന മട്ടിൽ തരുൺ മൂർത്തി ഇത്തരം ഒരു പോസ്റ്റുമായി രംഗത്തെത്തിയത്. എന്നാൽ മോഹൻലാലിന്റെ ഈ നവരസ പോസ്റ്റിന് പിന്നാലെയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഈ പോസ്റ്റും വീഡിയോയും പുറത്തുവന്നതോടെ മലയാളി പ്രേക്ഷകർ വീണ്ടും ‘തുടരും’ എന്ന സിനിമയിലേക്ക് തിരിഞ്ഞുനോക്കുകയാണ്. തരുൺ മൂർത്തി പറഞ്ഞതുപോലെ, നവരസങ്ങളുടെ മുഴുവൻ ഭാവങ്ങളും മോഹൻലാലിലൂടെ സിനിമയിൽ പ്രകടമായിട്ടുണ്ടെന്നും, അതിനാവശ്യമായ എല്ലാ കഥാസന്ദർഭങ്ങളും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

ചിത്രത്തിന്റെ പൂർണ്ണ വിജയത്തിൽ മോഹൻലാൽ എന്ന നടന്റെ അഭിനയ മികവും അദ്ദേഹത്തോടുള്ള പ്രേക്ഷകസ്നേഹവും നിർണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തൽ. തിയേറ്ററിൽ ലഭിച്ച കയ്യടിക്കുമപ്പുറം, ‘ലാലേട്ടൻ’ ഒരു വികാരമായി മാറുന്നിടത്താണ് ‘തുടരും’ എന്ന സിനിമയുടെ യഥാർത്ഥ വിജയം എന്നും ആരാധകർ പറയുന്നു.

മോഹൻ ലാൽ, ശോഭന , Photo: IMDb

അതേസമയം, ഇത് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമല്ലെന്ന് ചിലർ പറയുന്നതിന് പിന്നിലെ കാരണം, അതിലുമുയർന്ന പ്രകടനങ്ങൾ നൽകാൻ കഴിയുന്ന, ഒരു ഉയർന്ന നിലവാരം അദ്ദേഹം തന്നെ മുമ്പേ സജ്ജമാക്കിയിട്ടുണ്ടെന്നും ആരാധകർ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, ‘തുടരും’ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്നതിൽ ആരാധകർക്ക് ഒരു സംശയവുമില്ല.

തരുൺ മൂർത്തി പങ്കുവച്ച വീഡിയോ സൂക്ഷ്മമായി പരിശോധിക്കേണ്ടതില്ല മോഹൻലാൽ എന്ന പ്രതിഭയുടെ മിന്നിമറയുന്ന ഭാവങ്ങൾ പൂർണമായി മനസിലാക്കാൻ. അത് ഓരോ മലയാളി പ്രേക്ഷകരും നേരത്തെ തന്നെ കണ്ടറിഞ്ഞതാണെന്നും ആരാധകർ പറയുന്നു.

Content Highlight: Tarun Murtha’s new post about Mohanlal goes viral on social media

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.