ജോജുവിന്റെ ആ സിനിമ പോലൊന്ന് തമിഴ് സിനിമക്ക് ഒരുകാലത്തും സങ്കല്പിക്കാന്‍ സാധിക്കില്ല, അതാണ് മലയാളം ഇന്‍ഡസ്ട്രിയുടെ പ്രത്യേകത: സംവിധായകന്‍ ജോണ്‍ മഹേന്ദ്രന്‍
വെറും രണ്ട് സിനിമകള്‍ കൊണ്ട് തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജോണ്‍ മഹേന്ജ്രന്‍. തമിഴിലെ മുന്‍കാല സംവിധായകനായ മേഹന്ദ്രന്റെ മകനാണ് അദ്ദേഹം. വിജയ് നായകനായെത്തിയ സച്ചിന്‍ എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ സംവിധാനരംഗത്തേക്കെത്തിയത്. ചിത്രത്തിന് ഇന്നും വലിയ ഫാന്‍ബേസുണ്ട്.
മലയാളസിനിമകള്‍ എല്ലാം വിടാതെ കാണുന്നയാളാണ് താനെന്ന് പറയുകയാണ് ജോണ്‍ മഹേന്ദ്രന്‍. തന്റെ അച്ഛനും മലയാളസിനിമകള്‍ ഫോളോ ചെയ്യാറുണ്ടെന്നും അദ്ദേഹത്തില്‍ നിന്നാണ് തനിക്ക് ഈ ഇഷ്ടം ലഭിച്ചതെന്നും ജോണ്‍ പറയുന്നു. മലയാളത്തില്‍ വല്ലപ്പോഴും മാത്രമേ മോശം സിനിമകളുണ്ടാകുറുള്ളൂവെന്നും തമിഴില്‍ വല്ലപ്പോഴും മാത്രമേ നല്ല സിനിമകളുണ്ടാകാറുള്ളൂവെന്നും അച്ഛന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോജു ജോര്‍ജ് അഭിനയിച്ച മധുരം എന്ന സിനിമയുടെ കഥ വളരെ സിമ്പിളാണെന്നും അങ്ങനെയൊന്ന് ചിന്തിക്കാന്‍ തമിഴ് സിനിമക്ക് സാധിക്കില്ലെന്നും ജോണ്‍ പറഞ്ഞു. ആശുപത്രിയില്‍ കൂട്ടിരിക്കുന്നവരെ എല്ലാവരും കണ്ടിട്ടുണ്ടെന്നും എന്നാല്‍ അതില്‍ നിന്ന് ഒരു സിനിമയുടെ കഥയുണ്ടാക്കാന്‍ മലയാളത്തിന് മാത്രമേ സാധിക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി വിസിലിനോട് സംസാരിക്കുകയായിരുന്നു ജോണ്‍ മഹേന്ദ്രന്‍.
‘മലയാളസിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നല്ല സിനിമയാണെന്ന് കേട്ടാല്‍ ഞാന്‍ അത് ഒരിക്കലും മിസ്സാക്കില്ല. അച്ഛന്റെയടുത്ത് നിന്നാണ് എനിക്ക് മലയാളസിനിമയോടുള്ള ഇഷ്ടം കിട്ടിയത്. എന്തുകൊണ്ടാണ് മലയാളസിനിമ തേടിപ്പിടിച്ച് കാണുന്നതെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ട്. ‘തമിഴില്‍ വല്ലപ്പോഴും മാത്രമേ നല്ല സിനിമകള്‍ ഉണ്ടാകുള്ളൂ, മലയാളത്തില്‍ വല്ലപ്പോഴും മാത്രമേ നല്ല സിനിമകള്‍ ഉണ്ടാകുള്ളൂ. അതാണ് വ്യത്യാസം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അത് മാത്രമല്ല, മലയാള സിനിമകള്‍ റിലീസാകുന്ന ദിവസം അവിടത്തെ തിയേറ്റര്‍ റെസ്‌പോണ്‍സ് നോക്കിയാല്‍ അവര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് തന്നെ പറയും. മോശം സിനിമകളെ അവര്‍ സപ്പോര്‍ട്ട് ചെയ്യാറില്ല. നമ്മുടെ സൂപ്പര്‍സ്റ്റാര്‍സ് അഭിനയിച്ച സിനിമകള്‍ക്ക് ഒരിക്കലും നമ്മള്‍ മോശം പറയാറില്ലല്ലോ. അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം.
ചെറിയ കാര്യങ്ങളില്‍ നിന്ന് അവര്‍ കഥയുണ്ടാക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജോജുവിന്റെ മധുരം എന്ന സിനിമ. ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. അങ്ങനെ കൂട്ടിരിക്കുന്ന നാലഞ്ച് പേരെ വെച്ച് അവര്‍ ഒരു സിനിമ ചെയ്തു. എന്ത് മനോഹരമായ സിനിമയാണത്. തമിഴ് ഇന്‍ഡസ്ട്രിയില്‍ അങ്ങനെയൊരു കഥ ചിന്തിക്കാന്‍ പറ്റില്ല.,’ ജോണ്‍ മഹേന്ദ്രന്‍ പറയുന്നു.
Content Highlight: Tamil director John Mahendran praising Joju George’s Madhuram movie