'യെസ് മാത്രമേ യെസ് ആകൂ'; ബലാത്സംഗ നിര്‍വചനം തിരുത്തിയെഴുതാനും നിയമങ്ങള്‍ കടുപ്പിക്കാനുമൊരുങ്ങി സ്വിസ് പാര്‍ലമെന്റ്
World News
'യെസ് മാത്രമേ യെസ് ആകൂ'; ബലാത്സംഗ നിര്‍വചനം തിരുത്തിയെഴുതാനും നിയമങ്ങള്‍ കടുപ്പിക്കാനുമൊരുങ്ങി സ്വിസ് പാര്‍ലമെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2022, 1:43 pm

ജനീവ: ബലാത്സംഗക്കുറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി സ്വിറ്റ്‌സര്‍ലാന്‍ഡ് പാര്‍ലമെന്റ്. ബലാത്സംഗക്കുറ്റത്തെ നിര്‍വചിച്ചിരിക്കുന്ന രീതി വിപുലീകരിക്കാനാണ് സ്വിസ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടത്തിയത്.

ബലാത്സംഗത്തിന് നിലവില്‍ രാജ്യത്തുള്ള പരിമിതമായ നിര്‍വചനത്തെ സ്ത്രീകള്‍ക്ക് പുറമെ എല്ലാ ലിംഗഭേദങ്ങളിലുള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലീകരിക്കുന്നതാണ് പുതിയ നിയമം.

സ്വിറ്റ്സര്‍ലാന്‍ഡ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് പുതിയ നിയമത്തിന്മേല്‍ തിങ്കളാഴ്ച വോട്ട് ചെയ്തു. നേരത്തെ ഈ വര്‍ഷമാദ്യം പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സും (Council of States) നേരത്തെ ഇതില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ലോവര്‍ ഹൗസായ നാഷണല്‍ കൗണ്‍സില്‍ (National Council) തിങ്കളാഴ്ചയാണ് വോട്ട് ചെയ്തത്. 99 പേര്‍ നിയമത്തെ അനുകൂലിച്ചും 88 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തപ്പോള്‍ മൂന്ന് പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

വോട്ടെടുപ്പിനെ പ്രശംസിച്ചുകൊണ്ട് ആംനസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തിയിട്ടുണ്ട്. ‘സ്ത്രീകളുടെയും ലൈംഗികാതിക്രമത്തിന് ഇരയായവരുടെയും അവകാശങ്ങള്‍ക്കായുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവിലുള്ള വിജയം’ എന്നാണ് വോട്ടെടുപ്പിനെ കുറിച്ച് ആംനെസ്റ്റി പറഞ്ഞത്.

നിലവിലെ നിയമമനുസരിച്ച്, ഇരയാക്കപ്പെടുന്ന വ്യക്തിയില്‍ നിന്നും ഒരു നിശ്ചിത തലത്തിലുള്ള ചെറുത്തുനില്‍പ്പുണ്ടായാല്‍ മാത്രമേ നിര്‍ബന്ധിത പെനിട്രേഷന്‍ ബലാത്സംഗമായി കണക്കാക്കൂ.

എന്നാല്‍ ഇരയാക്കപ്പെടുന്നവരുടെ ലൈംഗികത എന്താണെന്ന കാര്യം കണക്കിലെടുക്കാതെ തന്നെ, സമ്മതമില്ലാതെ ആരെങ്കിലുമായി നിര്‍ബന്ധിതമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുകയും കുറ്റകരമാക്കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ നിയമമാറ്റം.

ഇരയാക്കപ്പെടുന്ന വ്യക്തി പ്രത്യാക്രമണം നടത്തിയാലും ഇല്ലെങ്കിലും സമ്മതമില്ലാത്ത പക്ഷം അത് കുറ്റകരമായിരിക്കും.

അതേസമയം, ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നുവെന്ന് എങ്ങനെ കണക്കാക്കാം എന്നത് സംബന്ധിച്ച വിഷയങ്ങളില്‍ രാജ്യത്ത് ചര്‍ച്ചകളും ഉയരുന്നുണ്ട്.

ഒരു വ്യക്തി കൃത്യമായി എതിര്‍ത്ത ശേഷവും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കും, എന്ന് നിര്‍വചിക്കുന്ന ‘നോ മീന്‍സ് നോ’ (No means no) എന്ന സമീപനമാണ് ചിലര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

അതേസമയം പാര്‍ലമെന്റിലെ വലതുപക്ഷ ചായ്വുള്ള പല അംഗങ്ങളും നിയമമാറ്റത്തെ എതിര്‍ത്തു. ബലാത്സംഗത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ഇവരുടെ വാദം.

പാര്‍ലമെന്റിന്റെ രണ്ട് സഭകളും പരസ്പര ധാരണയിലെത്തിക്കഴിഞ്ഞാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജനാധിപത്യ സംവിധാനമനുസരിച്ച് വിഷയം ഒരു ജനകീയ വോട്ടെടുപ്പിലേക്ക് നീളും.

Content Highlight: Switzerland parliament voted to dramatically broaden the country’s limited definition of rape