വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊന്ന കേസ്; രണ്ട് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം
Kerala News
വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊന്ന കേസ്; രണ്ട് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2022, 11:29 am

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. കേസിലെ പ്രതികളായ ഉമേഷ്, ഉദയ കുമാര്‍ എന്നിവര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.

1,65,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ. സനല്‍ കുമാറാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.

കൊലപാതകം, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക എന്നീ രണ്ട് കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

”പ്രധാനമായും രണ്ട് വകുപ്പുകള്‍ക്ക് ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഐ.പി.സി 376എ കുറ്റത്തിന് ജീവപര്യന്തത്തോടൊപ്പം ജീവിതാവസാനം വരെ തടവുശിക്ഷയായിരിക്കും എന്ന് കൃത്യമായി വിധിച്ചിട്ടുണ്ട്. അതില്‍ ഇളവുകളൊന്നുമില്ല.

ഐ.പി.സി 302ന് ഒരു ജീവപര്യന്തം കൂടി വിധിച്ചിട്ടുണ്ട്. 328ന് അഞ്ച് വര്‍ഷവും 336ന് അഞ്ച് വര്‍ഷവും 342ന് ആറ് മാസവും 376ന് പത്ത് വര്‍ഷവും 376ഡിക്ക് (കൂട്ട ബലാത്സംഗം) 20 വര്‍ഷവും 302ന് ജീവപര്യന്തവും 201ന് അഞ്ച് വര്‍ഷവും നാര്‍ക്കോട്ടിക് ഡ്രഗ്‌സ് കൈവശം വെച്ചതിന് മൂന്ന് മാസവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്,” പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ്‌മോഹന്‍ പറഞ്ഞു.

കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി കേരളത്തില്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 18 സാഹചര്യത്തെളിവുകളും മുപ്പത് സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്.

വിദേശ വനിതയെ ലഹരി നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

കോടതി നടപടികള്‍ തുടങ്ങിയ ഉടന്‍ തന്നെ പ്രതികള്‍ തങ്ങള്‍ക്ക് നുണപരിശോധന നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉമേഷും ഉദയ കുമാറും കേസില്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. പിന്നീട് ശിക്ഷാ വിധി പുറപ്പെടുവിപ്പിക്കുന്നത് ഡിസംബര്‍ ആറിലേക്ക് മാറ്റുകയായിരുന്നു.

2018 ഫെബ്രുവരിയിലായിരുന്നു കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിയായ സ്ത്രീയും അവരുടെ സഹോദരിയും ചികിത്സാവശ്യാര്‍ത്ഥം കേരളത്തിലെത്തിയത്. പിന്നീട് പ്രഭാത സവാരിക്ക് വേണ്ടിയിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു.

പിന്നീട് ഒരു മാസത്തിന് ശേഷം, 2018 മാര്‍ച്ച് 14ന് കോവളത്തിനടുത്തുള്ള ഒരു തുരുത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlight: two accused in the Kovalam murder of foreign woman gets double life imprisonment