ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്കിടെ ആനയുടെ പ്രതിമക്കടിയില്‍ കുടുങ്ങി യുവാവ്; വീഡിയോ
national news
ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്കിടെ ആനയുടെ പ്രതിമക്കടിയില്‍ കുടുങ്ങി യുവാവ്; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2022, 12:46 pm

അഹമ്മദാബാദ്: ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ ആനയുടെ പ്രതിമക്കടിയില്‍ കുടുങ്ങി യുവാവ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നാണ് ഫ്രീ പ്രസ് ജേണല്‍, എന്‍.ഡി.ടി.വി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ആനയുടെ പ്രതിമയുടെ ചുവട്ടില്‍ ഒരു യുവാവ് കുടുങ്ങിക്കിടക്കുന്നതും അതിനുള്ളില്‍ നിന്നും പുറത്തുകടക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്. ക്ഷേത്രത്തിലെ പൂജാരിയടക്കം ചുറ്റും കൂടിനില്‍ക്കുന്ന ആളുകളും ഇയാളെ രക്ഷപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുന്നുണ്ട്.

ഒരു ആചാരത്തിന്റെ ഭാഗമായി പ്രതിമക്കടിയിലൂടെ നമസ്‌കരിക്കുന്നതിനിടെയാണ് കുടുങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ട്.

നിരവധി പേര്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പങ്കുവെക്കുന്നുണ്ട്. ‘ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ’, ‘ഭക്തി അമിതമാകുമ്പോള്‍’ എന്നടക്കമുള്ള ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെക്കുന്നത്.

അതേസമയം യുവാവിന് പ്രതിമക്കുള്ളില്‍ നിന്നും പുറത്തുകടക്കാന്‍ സാധിച്ചോ എന്ന് വീഡിയോയില്‍ വ്യക്തമല്ല.

Content Highlight: Video shows a devotee gets stuck under elephant statue at Gujarat temple