അങ്ങനെയൊരു കാര്യം ലാലേട്ടന്‍ ചെയ്യുമെന്ന് ആരും പറഞ്ഞില്ല; അതെന്റെ ലൈവ് റിയാക്ഷന്‍: ശ്വേത മേനോന്‍
Entertainment
അങ്ങനെയൊരു കാര്യം ലാലേട്ടന്‍ ചെയ്യുമെന്ന് ആരും പറഞ്ഞില്ല; അതെന്റെ ലൈവ് റിയാക്ഷന്‍: ശ്വേത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th June 2025, 5:01 pm

2001ല്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ലിസി നിര്‍മിച്ച ചിത്രമായിരുന്നു കാക്കക്കുയില്‍. മോഹന്‍ലാല്‍, മുകേഷ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ഈ സിനിമയില്‍
നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

1988ല്‍ പുറത്തിറങ്ങിയ എ ഫിഷ് കോള്‍ഡ് വാണ്ട എന്ന ഇംഗ്ലീഷ് സിനിമയെ ആസ്പദമാക്കിയാണ് കാക്കക്കുയില്‍ നിര്‍മിച്ചത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ ഒരു പാട്ടായിരുന്നു ‘ആലാരെ ഗോവിന്ദ’ എന്ന പാട്ട്.

ഈ പാട്ടില്‍ മോഹന്‍ലാലിനും മുകേഷിനും ഒപ്പം ശ്വേത മേനോനും അഭിനയിച്ചിരുന്നു. ഇപ്പോള്‍ പാട്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശ്വേത മേനോന്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആ പാട്ടില്‍ ലാലേട്ടന്റെ ഒരു സോമര്‍സോള്‍ട്ടുണ്ട്. അതില്‍ സത്യത്തില്‍ ഞാന്‍ കൊടുത്തിട്ടുള്ള റിയാക്ഷന്‍സ് ഒറിജിനലായിരുന്നു. കാരണം എന്നോട് അതിനെ കുറിച്ച് ആരും പറഞ്ഞിരുന്നില്ല. ലാലേട്ടന്‍ സോമര്‍സോള്‍ട്ട് ചെയ്തിട്ടാണ് വരുന്നതെന്ന് പറഞ്ഞില്ല.

ക്യാമറ എന്റെ നേരെ ആണെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് ലാലേട്ടന്‍ സോമര്‍സോള്‍ട്ട് ചെയ്ത് വന്നപ്പോള്‍ ഞാന്‍ വാ പൊളിച്ചു പോയി. അതായിരുന്നു ആദ്യത്തെ ക്ലോസപ്പ് ഷോട്ട്,’ ശ്വേത മേനോന്‍ പറയുന്നു.

തന്നെ സംവിധായകന്‍ പ്രിയദര്‍ശന്‍ ആയിരുന്നു ഈ പാട്ടില്‍ അഭിനയിക്കാന്‍ വിളിച്ചതെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ താന്‍ വരില്ലെന്ന് ആദ്യം പറഞ്ഞിരുന്നുവെന്നും അന്ന് മലയാളത്തില്‍ വലിയൊരു ഗ്യാപ്പ് വന്ന സമയമായിരുന്നുവെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

‘എന്നെ ഒരു ദിവസം പെട്ടെന്ന് പ്രിയന്‍ വിളിക്കുകയായിരുന്നു. ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ഹൈദരാബാദില്‍ വെച്ച് ഒരു പാട്ട് ഷൂട്ട് ചെയ്യാനുണ്ടെന്നും പറഞ്ഞു. ഞാന്‍ ഇല്ലെന്ന് അന്ന് പ്രിയനോട് പറഞ്ഞിരുന്നു.

മലയാളത്തില്‍ ഞാന്‍ ആ സമയത്ത് ഒരു പ്രൊജക്ടും ചെയ്യാത്തത് കാരണം വലിയ ഗ്യാപ് വന്നിരുന്നു. നല്ല പാട്ടാണെന്നും അതിന്റെ സെറ്റൊക്കെ ഇട്ടിട്ടുണ്ടെന്നും പ്രിയന്‍ പറഞ്ഞു. അവസാനം ഞാന്‍ പാട്ടിന് വേണ്ടി പോകുകയായിരുന്നു,’ ശ്വേത മേനോന്‍ പറയുന്നു.


Content Highlight: Swetha Menon Talks About Mohanlal And Dance In Kakkakuyil Movie