അമ്മ നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ലായിരുന്നു: സ്വാസിക
Entertainment
അമ്മ നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ലായിരുന്നു: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 2:32 pm

2009ല്‍ റിലീസായ വൈഗ എന്ന തമിഴ്ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് സ്വാസിക. ആദ്യകാലങ്ങളില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സ്വാസിക സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് 2020 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചതുരം. സിനിമയില്‍ സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

താനും അമ്മയും കൂടിയാണ് ചതുരം സിനിമയുടെ കഥ കേള്‍ക്കാന്‍ പോയതെന്നും അമ്മ അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ താന്‍ അത് ചെയ്യില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. അമ്മയെ ധിക്കരിച്ച് താന്‍ എന്ത് ചെയ്താലും അത് അബദ്ധം ആവാറുണ്ടെന്നും ചതുരം അമ്മയുടെ പൂര്‍ണസമ്മതത്തോടെ താന്‍ ചെയ്ത സിനിമയാണെന്നും സ്വാസിക പറഞ്ഞു. അങ്ങനത്തെ സീനുകള്‍ ചെയ്യില്ല എന്ന തീരുമാനങ്ങളൊന്നും താന്‍ എടുത്തിട്ടില്ലെന്നും നടി പറയുന്നു.

അത്തരം സീനുകള്‍ സിനിമയ്ക്ക് വാല്യുബിള്‍ ആണെന്ന് തോന്നുകയാണെങ്കില്‍ ആ വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അങ്ങനെയാണ് തനിക്ക് തോന്നുന്നതെന്നും സ്വാസിക പറഞ്ഞു. അങ്ങനെയൊരു പ്രൊജക്ട് വന്നപ്പോള്‍ പ്രേമിനോട് താന്‍ സംസാരിച്ചിരുന്നുവെന്നും ഇനിയിപ്പോള്‍ വീണ്ടും അത്തരം വേഷങ്ങള്‍ ചെയ്താല്‍ എന്താ തെറ്റ് എന്നാണ് പ്രേം ചോദിച്ചതെന്നും അവര്‍ പറയുന്നു. നാന മാസികയോട് സംസാരിക്കുകയായിരുന്നു സ്വാസിക.

‘ഞാനും അമ്മയും കൂടിയാണ് ചതുരം സിനിമയുടെ കഥ കേള്‍ക്കാന്‍ പോയത്. അമ്മ അന്ന് നോ പറഞ്ഞിരു ന്നെങ്കില്‍ ഞാന്‍ അത് ചെയ്യില്ലായിരുന്നു. അമ്മയെ ധിക്കരിച്ച് ഞാന്‍ എന്ത് ചെയ്താലും അത് അബദ്ധം ആവാറുണ്ട്. ചതുരം അമ്മയുടെ പൂര്‍ണ സമ്മതത്തോടെയാണ് ഞാന്‍ ചെയ്തത്. അങ്ങനത്തെ സീനുകള്‍ ചെയ്യില്ല എന്ന തീരുമാനങ്ങളൊന്നും ഞാന്‍ എടുത്തിട്ടില്ല. അത്തരം കഥാപാത്രങ്ങള്‍ വരികയാണെങ്കില്‍ ചെയ്യുക എന്നത് മാത്രമേയുള്ളൂ. വെറുതെ അത്തരം സീനുകള്‍ ഉള്‍പ്പെടുത്തുന്ന സിനിമകളുണ്ട്. അതൊന്നും നമ്മള്‍ ചെയ്യേണ്ട കാര്യമില്ല.

അതല്ലാതെ അത്തരം സീനുകള്‍ സിനിമയ്ക്ക് വാല്യുബിള്‍ ആണെന്ന് തോന്നുകയാണെങ്കില്‍ ആ വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. അങ്ങനെയൊരു പ്രൊജക്ട് വന്നപ്പോള്‍ പ്രേമിനോട് ഞാന്‍ സംസാരിച്ചിരുന്നു. അതിനിപ്പോ എന്തോ, ഓള്‍റെഡി ചെയ്‌തൊരു കാര്യമല്ലേ. ഇനിയിപ്പോ വീണ്ടും അത്തരം വേഷങ്ങള്‍ ചെയ്താല്‍ എന്താ തെറ്റ് എന്നാണ് പ്രേം ചോദിച്ചത്. അഭിനയം നമ്മുടെ ജോലിയാണ്. ഇത്തരം വേഷങ്ങള്‍ ചെയ്യില്ലാ എന്ന് തീരുമാനിക്കുകയാണെങ്കില്‍ വേറെ ഒന്നും ചെയ്യാനാകില്ല. വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരും. എനിക്കിപ്പോള്‍ അത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്തല്ലേ പറ്റൂ,’ സ്വാസിക പറയുന്നു.

Content highlight: Swasika about chathuram movie