അന്നുവരെ ഞാന്‍ മലയാളത്തില്‍ കേട്ടതില്‍ മികച്ച സൗണ്ട് ക്വാളിറ്റിയുള്ള പാട്ട്; നല്ല പ്രൊഡക്ഷന്‍: സുഷിന്‍ ശ്യാം
Entertainment
അന്നുവരെ ഞാന്‍ മലയാളത്തില്‍ കേട്ടതില്‍ മികച്ച സൗണ്ട് ക്വാളിറ്റിയുള്ള പാട്ട്; നല്ല പ്രൊഡക്ഷന്‍: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 5:46 pm

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച മ്യൂസിക് ഡയറക്ടറായി മാറിയ ആളാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമാജീവിതം ആരംഭിക്കുന്നത്.

2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും സുഷിന്‍ സ്വന്തമാക്കി. പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ താന്‍ ദീപക് ദേവിന്റെ അടുത്തെത്തിയതിനെ കുറിച്ച് പറയുകയാണ് സുഷിന്‍ ശ്യാം.

‘എഞ്ചിനീയറിങ് ഡ്രോപ്പൗട്ടായി ഇരിക്കുന്ന സമയം. ചെറുപ്പത്തിലേ പഠിച്ച പിയാനോ വായന മാത്രമായിരുന്നു കയ്യില്‍ ഉണ്ടായിരുന്നത്. അച്ഛന്‍ ശ്യാം ഗിത്താറിസ്റ്റാണ്. പപ്പയുടെ ഫ്രണ്ട് നൂറു അങ്കിള്‍ വഴിയാണ് സംഗീത ശ്രമങ്ങളെല്ലാം നടത്തിയത്.

അങ്ങനെ ഒരു ദിവസം ടി.വി തുറന്ന എന്റെ മുന്നിലേക്ക് ഒരു പാട്ട് വരികയാണ്. ക്രോണിക് ബാച്ചിലര്‍ സിനിമയിലെ ‘സ്വയംവര ചന്ദ്രികേ’ എന്ന പാട്ടായിരുന്നു അത്. അന്നുവരെ ഞാന്‍ മലയാളത്തില്‍ കേട്ടിട്ടുള്ളതില്‍ വെച്ച് നല്ല സൗണ്ട് ക്വാളിറ്റിയുള്ള പാട്ടായിരുന്നു അത്.

അത്ര നല്ല പ്രൊഡക്ഷനായിരുന്നു. അപ്പോള്‍ തന്നെ അതിന്റെ മ്യൂസിക് ഡയറക്ടര്‍ ദീപക് ദേവിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന ലക്ഷ്യം മനസില്‍ രൂപപ്പെട്ടു. ആ സമയത്ത് നടന്നൊരു റിയാലിറ്റി ഷോയില്‍ ദീപക്കേട്ടന്‍ ജഡ്ജായിരുന്നു.

അതില്‍ പിയാനോ വായിച്ചിരുന്നത് സ്റ്റീഫന്‍ ചേട്ടനായിരുന്നു (സ്റ്റീഫന്‍ ദേവസി). ആ റിയാലിറ്റി ഷോയില്‍ പിയാനിസ്റ്റായി ചെന്ന് ദീപക്കേട്ടനെ ഇംപ്രസ് ചെയ്യുക എന്നതായിരുന്നു എന്റെ സത്യസന്ധമായ ഉദ്ദേശം.

റിയാലിറ്റി ഷോയുടെ ഷൂട്ട് കോഴിക്കോടുള്ള സമയത്ത് ഞാന്‍ അവരോട് സ്റ്റീഫന്‍ ചേട്ടന്‍ എന്നെങ്കിലും വന്നില്ലെങ്കില്‍ എന്നെ പിയാനിസ്റ്റായി വിളിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ഒരു ദിവസം പോലും സ്റ്റീഫന്‍ ചേട്ടന്‍ വരാതിരുന്നില്ല.

പിന്നെ ദീപക്കേട്ടനെ കാണുന്നത് അച്ഛന്റെ ഫ്രണ്ട് വഴിയുള്ള ഓപറേഷനിലൂടെ ആയിരുന്നു. ഒരു ദിവസം രാത്രി ദീപക്കേട്ടന്‍ വിളിച്ചിട്ട് ചെന്നൈയിലേക്ക് വരണമെന്ന് പറഞ്ഞു. കഷ്ടപ്പെട്ട് ജനറല്‍ ടിക്കറ്റൊക്കെയെടുത്ത് ഇടിയും കൊണ്ട് ഞാനും അമ്മയും കൂടെയാണ് പോയത്.

ഞങ്ങള്‍ അങ്ങനെ ചെന്നൈയിലെ സ്റ്റുഡിയോയിലെത്തി. പിയാനോ വായിച്ചു കേള്‍പ്പിച്ചപ്പോഴും ദീപക്കേട്ടന് അത്ര ഇഷ്ടപ്പെട്ടൊന്നുമില്ല. പക്ഷെ എന്തോ ഭാഗ്യത്തിന് പോകുന്നതിന് മുമ്പ് എന്നോട് കൂടെ നിന്നോളാന്‍ പറഞ്ഞു,’ സുഷിന്‍ ശ്യാം പറയുന്നു.

Content Highlight: Sushin Shyam Talks About Deepak dev’s Song In Chronic Bachelor Movie