2026 ഐ.സി.സി ടി-20 ലോകകപ്പിന് മുമ്പുള്ള ഇരുണ്ട സമയങ്ങളിലൂടെ മലയാളി താരം സഞ്ജു സാംസണ്‍ കടന്നുപോയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടി-20 നായകന്‍ സൂര്യകുമാര്‍ യാദവ്. ലോകകപ്പിന് മുന്നോടിയായുള്ള ടീം സെലക്ഷനുമായി ബന്ധപ്പെട്ട് താനും സഞ്ജുവും നടത്തിയ വൈകാരികമായ സംഭാഷണത്തെകുറിച്ചാണ് സൂര്യകുമാര്‍ യാദവ് തുറന്നു പറഞ്ഞത്.
ടീമിന് ലോകകപ്പ് നേടാന്‍ ഏറ്റവും മികച്ച തീരുമാനം എന്താണോ അത് കൈക്കൊള്ളാന്‍ സഞ്ജു പറഞ്ഞുവെന്നാണ് സൂര്യകുമാര്‍ യാദവ് പറഞ്ഞത്. ടീമിലെ സ്വന്തം സ്ഥാനത്തെക്കുറിച്ച് സ്വാര്‍ത്ഥതയില്ലാതെ ചിന്തിക്കുന്ന സഞ്ജുവിനെ പോലുള്ള ആളുകള്‍ ഉണ്ടല്ലോ എന്ന് ആലോചിച്ച് തനിക്ക് അത്ഭുതം തോന്നിയെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സ്‌കൈ.
‘ന്യൂസിലാന്‍ഡ് പരമ്പരയില്‍ സഞ്ജുവിന് പ്രതീക്ഷിച്ച അത്ര റണ്‍സ് നേടാനായില്ല. ആ സമയത്ത് ഇഷാന്‍ കിഷന്‍ മികച്ച ഫോമിലുമായിരുന്നു. കാര്യങ്ങള്‍ അത്ര അനുകൂലമല്ലാത്തതിനാല്‍ സഞ്ജുവിനെ ടീമില്‍ കളിപ്പിക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ടീം ബസില്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു. ചേട്ടാ കാര്യങ്ങളുടെ പോക്കുവെച്ച് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു.
ടീമിന് ലോകകപ്പ് നേടാന്‍ ഏതാണ് ഏറ്റവും മികച്ച തീരുമാനമെന്ന് തോന്നുന്നത് ആ തീരുമാനവുമായി മുന്നോട്ട് പോവുക. ടീമിന് എപ്പോഴെങ്കിലും എന്നെ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ടാവും. മത്സരത്തില്‍ കളിക്കാനായി പൂര്‍ണ സജ്ജനായി ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് സഞ്ജു നല്‍കിയ മറുപടി. ടീമിലെ സ്വന്തം സ്ഥാനത്തെക്കുറിച്ച് സ്വാര്‍ത്ഥതയില്ലാതെ ടീമിനായി ചിന്തിക്കുന്ന ഇത്തരം മനുഷ്യര്‍ ഉണ്ടല്ലോ എന്ന് ഓര്‍ത്ത് എനിക്ക് വലിയ അത്ഭുതം തോന്നി. ഇതോടെ സഞ്ജുവിനോടുള്ള എന്റെ ബഹുമാനം ഇരട്ടിയായി മാറി,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.
Content Highlight: Suryakumar Yadav talks about his conversation with Sanju Samson regarding team selection ahead of the T20 World Cup