സൂപ്പര്‍ 8ല്‍ സഞ്ജുവിന്റെ കാര്യം തീരുമാനമായി; വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്
ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സംസാരിച്ചിരുന്നു. മത്സരത്തില്‍ അഭിഷേക് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനും സഞ്ജു സാംസണ്‍ തിരിച്ച് ടീമില്‍ എത്തുമോ എന്ന ചോദ്യത്തിനും സൂര്യ മറുപടി പറഞ്ഞു.
അഭിഷേക് ശര്‍മയുടെ ഫോമില്‍ തത്കാലം ആശങ്കയില്ലെന്നും സൂപ്പര്‍ 8ലും താരം തന്നെ തുടരുമെന്നും സൂര്യ പറഞ്ഞു. അതുകൊണ്ട് തന്നെ അഭിഷേകിനെ മാറ്റി സഞ്ജുവിനെ ഇറക്കാന്‍ തത്കാലം സാധ്യതയില്ലെന്നും സൂര്യ വ്യക്തമാക്കി.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും
‘ഞങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ല. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരെ ഓര്‍ത്താണ് എനിക്ക് വിഷമം. ഇതൊരു ടീം ഗെയിമാണ്. കഴിഞ്ഞ വര്‍ഷം അവന്‍ ടീമിനെ തോളിലേറ്റിയതാണ്, ഇപ്പോള്‍ അവന് വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു.’ സൂര്യ പറഞ്ഞു.
സഞ്ജു സാംസനെ ടീമില്‍ എടുക്കാന്‍ സാധ്യതയുണ്ടോ എന്നുള്ള ചോദ്യത്തിനും സൂര്യ മറുപടി നല്‍കിയിരുന്നു,
‘ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താനാണ് ടീം ശ്രമിക്കുന്നത്. അഭിഷേകിനും തിലകിനും ടീം മാനേജ്‌മെന്റ് പിന്തുണ നല്‍കുന്നുണ്ട്. അപ്പോള്‍ ഇതില്‍ ആരേയാണ് മാറ്റുക? ടീം ജയിച്ചുകൊണ്ടിരിക്കുകയാണ്, അങ്ങനെയെങ്കില്‍ എന്തിനാണ് ടീം മാറ്റുന്നത്? ഈ ലോകകപ്പില്‍ പിച്ചുകള്‍ കുറച്ച് വ്യത്യസ്തമാണ്. വെല്ലുവിളികളെ നേരിടാന്‍ ഞങ്ങള്‍ സജ്ജമാണ്,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലും അഭിഷേക് പൂജ്യം റണ്‍സിന് പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇതുവരെ നേരിട്ട 8 പന്തുകളില്‍ ഒന്നില്‍ പോലും റണ്‍സ് കണ്ടെത്താന്‍ അഭിഷേകിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ഏഴ് ഇന്നിങ്സുകളില്‍ നിന്നായി താരം അഞ്ച് തവണയാണ് പൂജ്യത്തിന് പുറത്തായത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന മോശം റെക്കോര്‍ഡും അഭിഷേകിന് പങ്കുവെക്കേണ്ടി വന്നു. മലയാളി താരം സഞ്ജു 2024ല്‍ അഞ്ച് ഡക്കില്‍ കുരുങ്ങിയിരുന്നു.
Content Highlight: Suryakumar Yadav Talking About Sanju Samson And Abhishek Sharma