സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് റെട്രോ. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാർത്തിക് സുബ്ബരാജിനൊപ്പം സൂര്യ ആദ്യമായി കൈകോർക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരിൽ പ്രതീക്ഷയുണർത്തുന്നതായിരുന്നു.
പൂജ ഹെഗ്ഡേ നായികയാകുന്ന ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ഒരു ശക്തമായ വേഷത്തിലായിരിക്കും ജയറാം റെട്രോയിൽ എത്തുന്നതെന്ന് നേരത്തെ സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു.
ഇപ്പോൾ ജയറാമിനെ കുറിച്ചും റെട്രോ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് നടൻ സൂര്യ. റെട്രോ ഒരു കാലത്തെ കുറിച്ച് പറയുന്ന സിനിമയാണെന്നും നാല് മാസം ആയിരുന്നു റെട്രോയുടെ ഷൂട്ടിങ്ങെന്നും അത് തനിക്ക് മറക്കാൻ കഴിയാത്ത സന്തോഷമുള്ള നാളുകളായിരുന്നുവെന്നും സൂര്യ പറയുന്നു.
ജയറാമിനെ ഇപ്പോൾ താൻ മിസ് ചെയ്യുന്നുണ്ടെന്നും ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയെപ്പോലെ എപ്പോഴും ഓരോ സീനും ഇംപ്രൂവ് ചെയ്യാനായി ജയറാം എപ്പോഴും പ്രാക്ടീസ് ചെയ്യുമായിരുന്നുവെന്നും സൂര്യ പറഞ്ഞു. ജയറാം എവർഗ്രീൻ ഹീറോ ആണെന്നും താൻ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ജയറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സൂര്യ.
‘റെട്രോ ഒരു കാലത്തെ കുറിച്ചാണ് പറയുന്നത്. നമ്മൾ കടന്നുവന്ന ഒരു കാലത്തെ കുറിച്ച്. ഞാൻ സിനിമയിലെത്തിയിട്ട് 28 വർഷമായി. ഈ കാലം എനിക്ക് മറക്കാൻ കഴിയില്ല. മനോഹരമായ ഒരുപാട് ഓർമകൾ സമ്മാനിച്ച നിങ്ങൾ ഓരോരുത്തർക്കും നന്ദി. നാല് മാസം ആയിരുന്നു റെട്രോയുടെ ഷൂട്ടിങ്. അതെനിക്ക് മറക്കാനാകില്ല. അത്രയധികം സന്തോഷമുള്ള നാളുകളായിരുന്നു അത്.
ജയറാം സാറൊക്കെ ഒരു ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയെപ്പോലെ എപ്പോഴും ഓരോ സീനും ഇംപ്രൂവ് ചെയ്യാനായി പ്രാക്ടീസ് ചെയ്യുമായിരുന്നു
ജയറാം സാറിനെ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. ജയറാം സാറൊക്കെ ഒരു ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയെപ്പോലെ എപ്പോഴും ഓരോ സീനും ഇംപ്രൂവ് ചെയ്യാനായി പ്രാക്ടീസ് ചെയ്യുമായിരുന്നു. ഇത്രയും വർഷങ്ങളായി അദ്ദേഹം സിനിമയിൽ വന്നിട്ട്. എന്നാൽ അതൊന്നും നോക്കാതെ ഈ സിനിമയക്ക് വേണ്ടി അദ്ദേഹം അത്രയും വർക്ക് ചെയ്തിട്ടുണ്ട്. എവർഗ്രീൻ ഹീറോയാണ് ജയറാം സാർ.
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും അങ്ങനെയാണ്. ഞാൻ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കൊപ്പം ചെലവഴിക്കാൻ പറ്റുന്നത് തന്നെ സന്തോഷമാണ്,’ സൂര്യ പറഞ്ഞു.