ഇന്നും എല്ലാവരുടെയും മനസില്‍ എനിക്ക് സ്ഥാനമുണ്ടെങ്കില്‍ അതിന് അദ്ദേഹവും ഒരു കാരണക്കാരനാണ്, എല്ലാ കാലത്തും എനിക്ക് നന്ദിയുണ്ട്: സൂര്യ
Entertainment
ഇന്നും എല്ലാവരുടെയും മനസില്‍ എനിക്ക് സ്ഥാനമുണ്ടെങ്കില്‍ അതിന് അദ്ദേഹവും ഒരു കാരണക്കാരനാണ്, എല്ലാ കാലത്തും എനിക്ക് നന്ദിയുണ്ട്: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th May 2025, 5:35 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലൂടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.

തന്റെ കരിയറില്‍ ഏറ്റവുമധികം ഇംപാക്ടുണ്ടാക്കിയവരെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. ഇത്രയും കാലം പലരുടെയും മനസില്‍ സ്ഥാനം പിടിച്ച് നില്‍ക്കാന്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളാണ് ഹാരിസ് ജയരാജെന്ന് സൂര്യ പറഞ്ഞു. അദ്ദേഹം തനിക്ക് വേണ്ടി എട്ടോളം സിനിമകളില്‍ സംഗീതം നല്‍കിയിട്ടുണ്ടെന്നും ഇന്നും ആ സിനിമകളിലെ പാട്ടുകള്‍ പ്രേക്ഷകരുടെയുള്ളില്‍ നില്‍ക്കുന്നുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

ആ പാട്ടുകള്‍ തനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അത്രക്ക് മനോഹരമായ പാട്ടുകളാണ് ആ സിനിമകളിലെന്നും സൂര്യ പറയുന്നു. ഗജിനിയായാലും അയനായാലും വാരണം ആയിരമായാലും ആ സിനിമകളിലെ പാട്ടുകളെല്ലാം അതിമനോഹരമാണെന്നും സൂര്യ പറഞ്ഞു.

തന്റെ കരിയറിനെ ഒരുപാട് സഹായിച്ച പാട്ടുകളായിരുന്നു അതെന്നും സംവിധായകര്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടോ അത്രയും പ്രാധാന്യം ഹാരിസ് ജയരാജിനും ഉണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും പല ഗെറ്റ് ടുഗെദറുകളില്‍ തങ്ങള്‍ കാണാറുണ്ടെന്നും ഒരുപാട് നേരം സംസാരിക്കാറുണ്ടെന്നും സൂര്യ പറഞ്ഞു. റെട്രോയും സ്‌പെഷ്യല്‍ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

‘സൂര്യ എന്ന നടന്‍ ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ എവര്‍ഗ്രീനായി നില്‍ക്കുന്നുണ്ടെങ്കില്‍, പലരുടെയും മനസില്‍ സ്ഥാനം നേടിയിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണമായി നിന്ന ഒരാളാണ് ഹാരിസ് ജയരാജ്. അദ്ദേഹത്തിനും എന്റെ കരിയറില്‍ വലിയ പ്രാധാന്യമുണ്ട്. എട്ട് സിനിമകളിലെങ്ങാണ്ട് ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

അതിലെ പാട്ടുകളെല്ലാം തന്നെ എനിക്ക് വേണ്ടി മാത്രം ഒരുക്കിയതാണോ എന്ന് ചിലസമയം ചിന്തിക്കാറുണ്ട്. ഗജിനി ആയിക്കോട്ടെ, അയന്‍ ആയിക്കോട്ടെ, വാരണം ആയിരം ആയിക്കോട്ടേ, എല്ലാ പാട്ടുകളും അതിമനോഹരമാണ്. എന്റെ കരിയറില്‍ സംവിധായകര്‍ക്ക് എത്ര പ്രാധാന്യമുണ്ടോ, അത്രയും പ്രാധാന്യം ഹാരിസ് സാറിനുമുണ്ട്. പല ഗെറ്റ് ടുഗെദറുകളിലും ഞങ്ങള്‍ പരസ്പരം കണ്ട് സംസാരിക്കാറുണ്ട്,’ സൂര്യ പറയുന്നു.

Content Highlight: Suriya saying he’ll be thankful to Harris Jayaraj in his career