കാതലിന് സൂര്യയുടെ മൂന്ന് വിശേഷണങ്ങള്‍; പുതിയ ട്വീറ്റിന് പിന്നാലെ പ്രതീക്ഷയേറി ആരാധകര്‍
Entertainment
കാതലിന് സൂര്യയുടെ മൂന്ന് വിശേഷണങ്ങള്‍; പുതിയ ട്വീറ്റിന് പിന്നാലെ പ്രതീക്ഷയേറി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th November 2022, 10:22 pm

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാതലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ സൂര്യ കുറിച്ച വാക്കുകള്‍ കൂടിയായതോടെ ആ പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്. മൂന്ന് വാക്കുകളിലൂടെയാണ് സൂര്യ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

‘ഹൃദയസ്പര്‍ശിയായ, ആഴമുള്ള, മികച്ച രീതിയില്‍ എഴുതിയ ഒരു സിനിമ നിങ്ങളുടെ മുമ്പിലേക്ക് എത്തുകയാണ്’ എന്നാണ് സൂര്യയുടെ ട്വീറ്റ്.

നേരത്തെ ടൈറ്റില്‍ അനൗണ്‍സ് ചെയ്ത സമയത്തും കാതലിനെ കുറിച്ച് മികച്ച അഭിപ്രായമായിരുന്നു നടന്‍ പങ്കുവെച്ചിരുന്നത്.

‘ഈ സിനിമയുടെ ഐഡിയയും ആദ്യ ദിവസം മുതല്‍ സിനിമക്ക് വേണ്ടി സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനിയും എടുത്ത ഓരോ ചുവടുകളും അതിഗംഭീരമാണ്. മമ്മൂക്കയ്ക്കും ജോയ്ക്കും ടീമിനും കാതല്‍ ദ കോര്‍ സിനിമക്കും എല്ലാവിധ ആശംസകളും നേരുന്നു,’ എന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.

കാതല്‍ സിനിമയുടെ സെറ്റിലേക്കും കഴിഞ്ഞ ദിവസം സൂര്യ എത്തിയിരുന്നു. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് സൂര്യ അതിഥിയായി ലൊക്കേഷനില്‍ എത്തിയത്.


മമ്മൂട്ടിക്കും ജ്യോതികയ്ക്കും കാതല്‍ ടീമിനുമൊപ്പം ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. ഇതിന്റെ വീഡിയോ മമ്മൂട്ടി കമ്പനി പങ്കുവെക്കുകയും ചെയ്തിരുന്നു.

അതേസമയം റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമയാണിത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ജിയോ ബേബിയുടെ മുന്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സാലു കെ. തോമസാണ് കാതലിലും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസാണ് എഡിറ്റിങ്. മാത്യൂസ് പുളിക്കനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാതലില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിനായി വെച്ചിരിക്കുന്ന ഒരു ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

Content Highlight: Suriya’s new tweet praises Mammootty-Jyothika starrer Kaathal-The Core