സൂര്യയും സുധയും വീണ്ടും ഒന്നിക്കുന്നു; സൂചന നല്‍കി ജി.വി. പ്രകാശ്
Entertainment news
സൂര്യയും സുധയും വീണ്ടും ഒന്നിക്കുന്നു; സൂചന നല്‍കി ജി.വി. പ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th July 2023, 8:21 pm

ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുധ കൊങ്കാര ചിത്രത്തിനായി വീണ്ടും സംഗീതം ഒരുക്കാന്‍ ജി.വി. പ്രകാശ്. സുററൈ പോട്രിന് ശേഷം സൂര്യ – സുധ കൊങ്ങര ടീം വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായാണ് ജി.വി. പ്രകാശ് സംഗീതം ചെയ്യുന്നത് എന്നാണ് സൂചന. ഇത് യാര്‍ഥ്യമായാല്‍ ജി.വി. പ്രകാശിന്റെ സംഗീത ജീവിതത്തിലെ നൂറാമത്തെ ചിത്രമായിട്ടാവും ഇത് പുറത്തുവരിക.

ജി.വി. 100 ഉടന്‍ എന്ന ജി.വി. പ്രകാശിന്റെ ഏറ്റവും പുതിയ ട്വീറ്റ് സൂര്യ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ഈ ചിത്രം സൂര്യയുടെ പിറന്നാള്‍ ദിവസമായ ജൂലൈ 23 പ്രഖ്യാപിക്കുമെന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സൂര്യയുടെ 43 മത്തെ ചിത്രം ആയിട്ടാവും ഇത് പുറത്തുവരിക. അതേസമയം സൂര്യയെ നായകനാക്കി ആദി നാരായണ തിരക്കഥയെഴുതി ശിവകുമാര്‍ ജയകുമാര്‍ സംവിധാനം ചെയ്യുന്ന കങ്കുവയുടെ പ്രോമോ ജൂലൈ 23നാണ് റിലീസ് ചെയ്യുന്നത്.

സൂര്യ ആരാധകര്‍ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. ദിഷാ പഠാനി നായികയാകുന്ന ചിത്രത്തില്‍ യോഗി ബാബു, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര, കെ.എസ്. രവികുമാര്‍, ബി.എസ് അവിനാഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂര്യയുടെ 42-ാം ചിത്രമായ കങ്കുവ പോസ്റ്റര്‍ കൊണ്ടും ചിത്രത്തിന്റെ പേരുകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

കെ.ഇ. ജ്ഞാനവേല്‍ രാജ, വി. വംശി കൃഷ്ണ റെഡ്ഡി എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവിശ്രീ പ്രസാദും, വെടി പളനി സാമി ഛായാഗ്രഹണവും നിര്‍വഹിക്കും.

പത്ത് ഭാഷകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം 2ഡിയിലും 3ഡിയിലും പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

Content Highlight: Suriya 43 announcement on suriya’s birthday movie came with gv prakash music