ശസ്ത്രക്രിയ നിശ്ചയിച്ച രോഗി റിമാന്‍ഡില്‍; ഡോക്ടറാണ് ആദ്യം ആക്രമിച്ചതെന്ന് കുടുംബം
Kerala News
ശസ്ത്രക്രിയ നിശ്ചയിച്ച രോഗി റിമാന്‍ഡില്‍; ഡോക്ടറാണ് ആദ്യം ആക്രമിച്ചതെന്ന് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 5:49 pm

തിരുവനന്തപുരം: അടിയന്തര ന്യൂറോ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിയമപ്രകാരം കേസെടുത്തതിനെതിരെ രോഗിയുടെ കുടുംബം രംഗത്ത്. ബാലരാമപുരം സ്വദേശിയായ സുധീറാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഡോക്ടറാണ് മകനെ ആദ്യം ആക്രമിച്ചതെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നുമാണ് കുടുംബത്തിന്റെ പരാതി.

ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി കഴിഞ്ഞ ബുധനാഴ്ച കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണ് മെഡിക്കല്‍ കോളേജ് പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധീറിന് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടെന്നാണ് പുതിയ പരാതി. താനാണ് ആക്രമിക്കപ്പെട്ടതെന്നാണ് സുധീറിന്റെ പരാതി.

ഓപ്പറേഷന്‍ ചെയ്യാനുള്ള കൈ ആണിതെന്ന്, പൊലീസ് വിലങ്ങ് വെച്ച കൈകള്‍ ഉയര്‍ത്തിക്കാട്ടി കൊണ്ട് സുധീര്‍ പറയുന്ന വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ‘ഓപ്പറേഷന്‍ ചെയ്യാന്‍ അഡ്മിറ്റായവനാണ് ഞാന്‍. എന്റെ ഷോള്‍ഡറിലൊക്കെ മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് അടിച്ചിരിക്കുകയാണ്. എന്നെയാണ് ഈ ഡോക്ടര്‍മാര്‍ ഇങ്ങനെ ചെയ്തിരിക്കുന്നത്,’ വേദനയുള്ള ഇടത് കൈ അമര്‍ത്തിപ്പിടിച്ച് കൊണ്ട് സുധീര്‍ പറഞ്ഞു.

മകന് ചികിത്സ നല്‍കിയില്ലെന്നും ഡോക്ടറാണ് ആദ്യം ആക്രമിച്ചതെന്നും സുധീറിന്റെ അമ്മ പറഞ്ഞു. ‘ഒരു ഡോക്ടര്‍ എഴുതിയ ശേഷം പറഞ്ഞത് നിന്റെ മകന് മൊടയാണെന്നാണ്. മൊട കാണിക്കാതെ കിടക്കെടാ എന്ന് പറഞ്ഞ് കൊണ്ട് മോന് ചികിത്സ കൊടുത്തില്ല. അവന്റെ കൈയ്യേ പിടിച്ചുവലിച്ച് ഇളുത്തിരിക്ക്ണ്. ആദ്യം ഡോക്ടര്‍ അവന്റെ ഷോള്‍ഡറില്‍ പിടിച്ചു. അപ്പോള്‍ അവന്റെ വേദന കൊണ്ട് അവന്‍ തിരിച്ച് ഡോക്ടറേയും പിടിച്ചു. ഒരു രോഗിക്ക് നീതി ലഭിക്കണ്ടേ. ഒരു രോഗിക്ക് അസുഖം കുറച്ച് കൊടുക്കണ്ടേ?,’ അമ്മ ചോദിച്ചു.

സുധീര്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ സന്തോഷ്, ഡോക്ടര്‍ ശിവജ്യോതി എന്നിവരെ ആക്രമിച്ചെന്നായിരുന്നു പരാതി. കഴുത്തിന് കുത്തിപ്പിടിച്ചെന്നും തടയാനെത്തിയ ശിവജ്യോതിക്ക് നേരെയും ആക്രമണമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ന്യൂറോ സര്‍ജറി വാര്‍ഡില്‍ ചികിത്സയിലുള്ള സുധീറിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ഓര്‍ഡിനന്‍സ് നിയമസഭയില്‍ ബില്ലായി കൊണ്ടുവരുമ്പോള്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്നും, ആവശ്യമായ ഭേദഗതികള്‍ ബഹുമാനപ്പെട്ട അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ നിയമഭേദഗതിയില്‍ പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനകം പൊലീസ് കേസെടുക്കണമെന്നതും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ വാക്കാലുള്ള പരാമര്‍ശം പോലും കുറ്റകരമായി മാറുകയും ചെയ്തിരുന്നു. പുതിയ നിയമഭേദഗതിയില്‍ പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനകം പൊലീസ് കേസെടുക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ വാക്കാലുള്ള പരാമര്‍ശം പോലും കുറ്റകരമായി മാറുമെന്നും പറയുന്നു.

content highlights: surgery patient remanded in a case where doctors complaints patient attacked them