ഞാന്‍ നഷ്ടപ്പെടുത്തിയ കഥാപാത്രങ്ങള്‍ അനവധിയാണ്, സിനിമ കണ്ടശേഷം വിഷമം തോന്നിയിട്ടുണ്ട്‌: റോഷന്‍ മാത്യു
Entertainment news
ഞാന്‍ നഷ്ടപ്പെടുത്തിയ കഥാപാത്രങ്ങള്‍ അനവധിയാണ്, സിനിമ കണ്ടശേഷം വിഷമം തോന്നിയിട്ടുണ്ട്‌: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th May 2023, 4:53 pm

ഞാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ മിസ് ചെയ്തിട്ടുണ്ട്, ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന നിര്‍ബന്ധമില്ല: റോഷന്‍ മാത്യു

സിനിമയില്‍ താന്‍ ഒരുപാട് കഥാപാത്രങ്ങള്‍ മിസ് ചെയ്തിട്ടുണ്ടെന്നും ഒരേ സ്വഭാവമുള്ള റോളുകള്‍ ചെയ്യരുതെന്ന നിര്‍ബന്ധമില്ലെന്നും റോഷന്‍ മാത്യു. ഒരു കഥാപാത്രം ചെയ്യണമെന്ന് തോന്നിയാല്‍ അതുവരെ താന്‍ കമ്മിറ്റ് ചെയ്ത വര്‍ക്കുകളൊക്കെ ഒഴിവാക്കിക്കൊണ്ടൊന്നും ചെയ്യാന്‍ കഴിയണമെന്നില്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ മാത്യു പറഞ്ഞു.

‘ ഞാന്‍ ഒരുപാട് കഥാപാത്രങ്ങളെ മിസ് ചെയ്തിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ആ സിനിമകള്‍ കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. അയ്യോ! അത് ചെയ്യാന്‍ കഴിഞ്ഞില്ലാലോ, ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്നൊക്കെ. അങ്ങനെയൊക്കെ സംഭവിക്കും.

എല്ലാ കാര്യങ്ങളും നമ്മുടെ കയ്യിലൊന്നുമല്ലല്ലോ. എനിക്കിപ്പോള്‍ ഒരു സിനിമ ചെയ്യണമെന്ന് തോന്നിയാല്‍ കമ്മിറ്റ് ചെയ്ത എല്ലാ വര്‍ക്കുകളും ഒഴിവാക്കിക്കൊണ്ടൊന്നും അത് ചെയ്യാന്‍ കഴിയണമെന്നില്ല. ചിലതൊക്കെ മിസ് ആവും, പക്ഷേ കുഴപ്പമൊന്നുമില്ല. ചിലതൊക്കെ കിട്ടുന്നുമുണ്ടല്ലോ.

ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ഒരിക്കലും ചെയ്യരുത് എന്ന നിര്‍ബന്ധമൊന്നുമെനിക്കില്ല. പക്ഷേ ഒരു മിനിമം ഗ്യാപിട്ട് വേണം ചെയ്യാന്‍. ഒരു വര്‍ഷം ചെയ്തതു പോലെയുള്ള കഥാപാത്രങ്ങള്‍ തൊട്ടടുത്ത വര്‍ഷം ചെയ്യാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ഒരു രണ്ടു മൂന്ന് കൊല്ലം ഗ്യാപിട്ടാണ് ചെയ്യുന്നതെങ്കില്‍ കുഴപ്പമൊന്നുമില്ല. കഥാപാത്രങ്ങളില്‍ സാമ്യതയുണ്ടങ്കിലും നമ്മുടേതായ എന്തെങ്കിലും വ്യത്യാസം കൊണ്ടുവരാന്‍ സാധിക്കണം. ഇല്ലെങ്കില്‍ നമ്മള്‍ക്ക് ഇംപ്രൂവ് ചെയ്യാന്‍ സാധിക്കില്ല, ‘ താരം പറഞ്ഞു.

മെസേജ് കൊടുക്കണമെന്ന ഉദ്ദേശത്തോടെ ഒരിക്കലും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാറില്ലെന്നും കഥാപാത്രങ്ങള്‍ തന്നെ എക്‌സൈറ്റ് ചെയ്തില്ലെങ്കില്‍ പ്രേക്ഷകര്‍ക്കത് ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണെന്നും റോഷന്‍ പറഞ്ഞു.

‘ഒരു മെസേജ് കൊടുക്കണമെന്ന ഉദ്ദേശത്തോടെ ഒരിക്കലും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാറില്ല. ഞാന്‍ കഥാപാത്രങ്ങള്‍ സെലക്ട് ചെയ്യുമ്പോള്‍ അങ്ങനെയൊരു മാനദണ്ഡം ഒരിക്കലുമില്ല. പല കഥാപാത്രങ്ങളുമെടുത്തത് മറ്റു കാരണങ്ങള്‍ക്കൊണ്ടാണ്.

മുമ്പ് ചെയ്തതുമായി സാമ്യതയില്ലാത്തതാണെങ്കില്‍ എനിക്കൊന്നു ശ്രമിച്ചുനോക്കാമെന്നൊക്കെ തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ ആ സിനിമ ചെയ്യുന്ന ആളുകളോട് വര്‍ക്ക് ചെയ്യാന്‍ എനിക്കത്രയ്ക്കും താല്‍പര്യമുണ്ടായിരിക്കണം. അത് മിക്കവാറും അവരുടെ മുന്നേയുള്ള വര്‍ക്കുകള്‍ കൊണ്ടോ അല്ലെങ്കില്‍ സ്‌ക്രിപ്റ്റ് ഡിസ്‌കഷന്റെ സമയത്ത് അവരോടൊരു കണക്ഷനൊക്കെ തോന്നിയതുകൊണ്ടുമാവാം.

 

പിന്നെ പ്രധാനപ്പെട്ട കാരണമെന്നത് ഇതൊന്നുമല്ല. ആ കഥാപാത്രം എന്നെ ഏതെങ്കിലും രീതിയില്‍ എക്‌സൈറ്റ് ചെയ്യിക്കണം. നമ്മള്‍ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ആ കഥാപാത്രമായ് നമ്മളെ തന്നെ ആലോചിക്കുമ്പോള്‍ നമുക്ക് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ലെങ്കില്‍, പിന്നെ നമ്മളത് ചെയ്ത് കഴിഞ്ഞാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകണമെന്നില്ല.

എന്ത് കൊണ്ടാണ് എനിക്കൊരു കഥാപാത്രം ഇഷ്ടപ്പെട്ടതെന്ന് ചിലപ്പോള്‍ എനിക്ക് തന്നെ മനസ്സിലാകണമെന്നില്ല. പലപ്പോഴും സിനിമ ചെയ്ത് കഴിഞ്ഞാലൊക്കെയായിരിക്കും എന്ത് കൊണ്ടാണ് എനിക്കിഷ്ടപ്പെട്ടതെന്ന് മനസിലാവുന്നത്, ‘ റോഷന്‍ പറഞ്ഞു.


Content Highlights: Roshan Mathew about his missed characters