അധികാരം കൈമാറാന്‍ സമയമായെന്ന് ബി.ജെ.പിക്കും ബോധ്യപ്പെട്ടിരിക്കുന്നു; ചെങ്കോല്‍ വിവാദത്തില്‍ അഖിലേഷ് യാദവ്
national news
അധികാരം കൈമാറാന്‍ സമയമായെന്ന് ബി.ജെ.പിക്കും ബോധ്യപ്പെട്ടിരിക്കുന്നു; ചെങ്കോല്‍ വിവാദത്തില്‍ അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 5:19 pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ ചെങ്കോല്‍ കൈമാറുന്നത് ബി.ജെ.പിയുടെ തോല്‍വിയെ സൂചിപ്പിക്കുന്നതാണെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ്. ചെങ്കോല്‍ അധികാര കൈമാറ്റത്തിന്റെ പ്രതീകമാണെന്നും, ഇതിലൂടെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന കാര്യം ബി.ജെ.പി അംഗീകരിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘അധികാര കൈമാറ്റത്തിന്റെ പ്രതീകമാണ് ചെങ്കോല്‍. അധികാരം കൈമാറുന്ന സമയമാണിതെന്ന് ബി.ജെ.പി അംഗീകരിച്ചതായി തോന്നുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

അധികാര കൈമാറ്റത്തിന്റെ ചിഹ്നമായാണ് ബ്രിട്ടീഷുകാര്‍ ജവഹര്‍ലാല്‍ നെഹ്റുവിന് ചെങ്കോല്‍ കൈമാറിയതെന്ന ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കോണ്‍ഗ്രസ്ജനറല്‍ സെക്രട്ടറിജയറാം രമേശും നേരത്തെ രംഗത്ത് വന്നിരുന്നു.

മൗണ്ട് ബാറ്റണോ രാജാജിയോ നെഹ്‌റുവോ ചെങ്കോലിനെ ബ്രിട്ടീഷ് അധികാരം ഇന്ത്യയിലേക്ക് കൈമാറുന്നതിന്റെ പ്രതീകമായി വിശേഷിപ്പിച്ചതിന് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെറ്റായ പ്രചരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

1947 ആഗസ്റ്റ് 14ന് ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് അധികാരം കൈമാറുന്നതിന്റെ ഭാഗമായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് നല്‍കിയതാണ് ഈ ചെങ്കോലെന്നും അതേ ചെങ്കോലാണ് ഇപ്പോള്‍ മെയ് 28ന് മോദിക്ക് കൈമാറുന്നതെന്നുമാണ് ബി.ജെ.പി വാദം. എന്നാല്‍ ഇതിനെ നിഷേധിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

നിലവില്‍ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, എന്‍.സി.പി, ആര്‍.ജെ.ഡി, എ.എ.പി, ജെ.ഡി.യു, ഡി.എം.കെ, എസ്.പി, ശിവസേന ഉദ്ധവ് വിഭാഗം, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെ.എം.എം, എന്‍.സി, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, വി.സി.കെ, എം.ഡി.എം.കെ എന്നീ പാര്‍ട്ടികളാണ് ബഹിഷ്‌കരിച്ചത്.

content highlight: The BJP is also convinced that the time has come to hand over power; Akhilesh Yadav in the scepter controversy