വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ജഗതി ശ്രീകുമാര്‍. ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. എത്രതവണ പറഞ്ഞാലും തന്നെ സ്വരാജ് എന്നാണ് ജഗതി വിളിച്ചിരുന്നതെന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു.
സിനിമയിലേക്ക് കയറാനായി ആദ്യകാലത്തെല്ലാം മിമിക്രി ചെയ്യുമായിരുന്നുവെന്നും ആ സമയത്തെല്ലാം ജഗതി ഉദ്ഘാടനം ചെയ്യുന്ന പല പരിപാടികളിലും ആങ്കറിങ്ങിനും മിമിക്രിക്കുമെല്ലാം തനിക്ക് അവസരം കിട്ടിയിട്ടുണ്ടെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
‘സ്വരാജെയെന്നാണ് ജഗതി ചേട്ടന്‍ എന്നെ വിളിക്കുക. എത്രതവണ സ്വരാജല്ല ചേട്ടാ ‘സുരാജ്’ എന്ന് പറഞ്ഞാലും അദ്ദേഹം വീണ്ടും അനിയാ സ്വരാജ് ഇങ്ങ് വായെന്നാണ് പറയുക.
സിനിമയിലേക്ക് കയറിപ്പറ്റാന്‍ ആദ്യകാലത്തെല്ലാം മിമിക്രി തന്നെയായിരുന്നു പ്രധാന മാര്‍ഗം. ആ സമയത്തെല്ലാം അദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പല പരിപാടികളിലും ആങ്കറിങ്ങിനും മിമിക്രിക്കുമെല്ലാം എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തില്‍ നിന്ന് എന്നും ലഭിച്ചത്.
ഒന്നിച്ചഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണ ഇടവേളകളിലെല്ലാം അദ്ദേഹം അടുത്തുവിളിച്ച് ജയനെയും നസീറിനെയുമെല്ലാം അവതരിപ്പിച്ചുകാണിക്കാന്‍ പറയുമായിരുന്നു. ഒരുപാട് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു.
ടൈമിങ്ങിന്റെ കാര്യത്തില്‍ കണിശക്കാരനായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ ആരോഗ്യകരമായി മത്സരിച്ച് ഏറ്റവും നല്ല അഭിനയം തന്നെ പുറത്തെടുക്കാന്‍ കഴിയുമായിരുന്നു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.