ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുരഭി 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയ അജയന്റെ രണ്ടാം മോഷണം, റൈഫിള്‍ ക്ലബ്ബ് എന്നീ സിനിമകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും സുരഭിക്ക് സാധിച്ചു.
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളില്‍ തന്നെ പരീക്ഷിക്കാന്‍ കുറച്ചുകൂടെ ധൈര്യശാലികളായ സംവിധായകര്‍ക്കേ കഴിയുവെന്നും ദേശീയ അവാര്‍ഡ് കിട്ടിയശേഷം നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാനുള്ള ആത്മവിശ്വാസം കിട്ടിയെന്നും സുരഭി പറയുന്നു.
‘ഏറ്റവും ദരിദ്രവാസിയായ സ്ത്രീ. അല്ലെങ്കില്‍ തന്റേടി. അത്തരം കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്തതുകൊണ്ട് വീണ്ടും അതുതന്നെ ഏല്‍പ്പിക്കാന്‍ സംവിധായകര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളില്‍ എന്നെ പരീക്ഷിക്കാന്‍ കുറച്ചുകൂടെ ധൈര്യശാലികളായ സംവിധായകര്‍ക്കേ പറ്റൂ.
പ്രൊഡ്യൂസര്‍മാര്‍ അത് അംഗീകരിക്കുകയും വേണം. ദേശീയ അവാര്‍ഡ് കിട്ടിയശേഷം നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാനുള്ള ആത്മവിശ്വാസം കിട്ടി. ഒപ്പം ഉത്തരവാദിത്തം കൂടുകയും ചെയ്തു.
ദേശീയ അവാര്‍ഡിന് ശേഷം ഒരുവര്‍ഷത്തോളം കാര്യമായി അവസരമൊന്നും കിട്ടിയില്ല. രണ്ടുവര്‍ഷത്തിലേറെ കൊറോണ കൊണ്ടുപോയി. ഇപ്പോള്‍ വ്യത്യസ്തതങ്ങളും പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നത് വലിയ മാറ്റംതന്നെ.
വരുന്നതെല്ലാം ബ്രഹ്‌മാണ്ഡ പ്രൊജക്ടുകളോ താരസമ്പന്നമായ സിനിമകളോ ആണെന്നല്ല. പക്ഷേ നല്ല സിനിമകളാണ്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ളവ അഭിനേതാവ് എന്ന നിലയില്‍ സംതൃപ്തി നല്‍കുന്ന കഥാപാത്രങ്ങളുമാണ്,’ സുരഭി ലക്ഷ്മി പറയുന്നു.