നാര്‍സിസ്റ്റിക് അബ്യൂസിനെ കുറിച്ചറിയാതെ കരഞ്ഞ് തളര്‍ന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വലിയ ധൈര്യമാണ് അനുപമ നല്‍കിയത്; താരത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ
Malayalam Cinema
നാര്‍സിസ്റ്റിക് അബ്യൂസിനെ കുറിച്ചറിയാതെ കരഞ്ഞ് തളര്‍ന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വലിയ ധൈര്യമാണ് അനുപമ നല്‍കിയത്; താരത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Friday, 14th August 2026, 3:42 pm

സൗത്ത് ഇന്ത്യയില്‍ തന്നെ ഇന്ന് തിളങ്ങി നില്‍ക്കുന്ന നായിക നടിമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍. കഴിഞ്ഞ ദിവസം ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തനിക്കുണ്ടായിരുന്ന റിലേഷന്‍ഷിപ്പിനെ കുറിച്ചും ഇതില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. പങ്കാളിയില്‍ നിന്നും നേരിട്ട നാര്‍സിസ്റ്റിക് അബ്യൂസിനെ കുറിച്ചും ഇത് എങ്ങനെയാണ് തന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും കരിയറിനെയും ബാധിച്ചത് എന്നതിനെ കുറിച്ചും വളരെ വിശദമായിട്ടായിരുന്നു അനുപമ സംസാരിച്ചത്.

തമിഴ് ഇന്‍ഡസ്ട്രിയിലെ തന്നെ മുന്‍നിര അഭിനേതാവിനെ കുറിച്ചാണ് അനുപമയുടെ വെളിപ്പെടുത്തല്‍ എന്ന് പലരും സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറയാന്‍ ധൈര്യം കാണിച്ച അനുപമയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള റിലേഷന്‍ഷിപ്പുകളില്‍ പെട്ടുപോയ പലര്‍ക്കും സാഹചര്യം തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും താരത്തിന്റെ ഈ വെളിപ്പെടുത്തലിലൂടെ സാധ്യമായിരിക്കുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. സെലിബ്രിറ്റി ആണെന്നിരിക്കെ ഇത്തരത്തില്‍ ഒരു വലിയ തുറന്നുപറച്ചില്‍ നടത്തിയ അനുപമയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

അനുപമ പരമേശ്വരന്‍. Photo: Mathrubhumi English

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എടുക്കുന്ന ചുവടുവെയ്പ്പുകളിലൂടെ ആണ് സിനിമാ അഭിനേതാക്കള്‍ താരങ്ങളാകുന്നതെന്ന് ലക്ഷ്മി പത്മയുടെ പോസ്റ്റില്‍ പറയുന്നു. അനുപമയുടെ പ്രണയബന്ധത്തില്‍ നടന്ന സംഭവങ്ങള്‍ പുറത്തുപറയുമ്പോള്‍ ലോകത്തിന്റെ പല കോണുകളില്‍ തനിക്ക് മാത്രം എന്താ ഇങ്ങനെ എന്ന് ആലോചിച്ച് കരഞ്ഞ് തളര്‍ന്നിരിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിവര്‍ന്ന് നില്ക്കാനുള്ള ധൈര്യമാണ് അനുപമ നല്‍കിയത്. നാര്‍സിസ്റ്റിക് അബ്യൂസ് എന്ന വാക്ക് മലയാളികളെ പരിചയപ്പെടുത്തിയതിന് അനുപമയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ഗാര്‍ഹിക പീഡനം പോലും എന്താണെന്ന് മനസിലാകാത്ത ആളുകള്‍ ഉള്ള സമൂഹത്തില്‍ ഇത് ഒരു തേപ്പായിരിക്കുമെന്നും അവരെ മാറ്റാന്‍ ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടര്‍ക്ക് പോലും സാധിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു. പക്ഷേ ഇതിനെ കുറിച്ച് അറിയാത്തവരുടെ മുമ്പിലേക്ക് അനുപമ നടത്തിയത് വലിയ ഒരു ചുവടുവെയ്പാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

‘കിട്ടിയിതൊക്കെ മഹാഭാഗ്യമെന്നു കരുതി അനുഗൃഹീതമായ ഒരജ്ഞതയില്‍ കഴിഞ്ഞു കൂടിയ സ്ത്രീകള്‍ വൈകിപ്പോയെങ്കിലും അനുപമയെ കേള്‍ക്കണമെന്ന് ശാരദക്കുട്ടി ഭാരതിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. ‘നിങ്ങളെ എങ്ങനെയൊക്കെയാണ് കൂടെ നടന്ന നാര്‍സിസിസ്റ്റുകള്‍ സ്നേഹം നടിച്ച് ചുരുക്കിക്കളഞ്ഞത്, നിങ്ങളുടെ സൗഹൃദങ്ങളെ, ബന്ധങ്ങളെ എങ്ങനെയൊക്കെയാണ് സ്‌നേഹം നടിച്ച് നിങ്ങളെ കൊണ്ട് തന്നെ ഈ നാര്‍സിസിസ്റ്റുകള്‍ വെട്ടിച്ചുകളഞ്ഞത് എന്നൊക്കെ ആലോചിച്ച് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും.

അനുപമ പരമേശ്വരന്‍. Photo: Mathrubhumi English

നാര്‍സിസിസ്റ്റുകള്‍ നശിപ്പിച്ച ജീവിതമായിരുന്നുവോ നമ്മള്‍ ഓരോരുത്തരും ജീവിച്ചുതീര്‍ത്തപ്രണയ/ ദാമ്പത്യജീവിതമെന്ന് ഒരു നിമിഷമെങ്കിലും തലക്കിട്ടടിച്ച് നമ്മള്‍ ചിന്തിച്ചു പോകും,’ പോസ്റ്റില്‍ പറയുന്നു. അനുപമ പരമേശ്വരനെ പണ്ടില്ലാത്ത വിധത്തില്‍ താന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു.

Content Highlight: Support for Anupama Parameshwaran in social media for her revelation about toxic relationship

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.