| Friday, 17th October 2025, 7:20 pm

ഇസ്രഈല്‍ കൊലപ്പെടുത്തിയ 'ഫലസ്തീന്‍ പെലെ'; സുലൈമാന്‍ അല്‍ ഉബൈദ്

ആര്യ. പി

ഫലസ്തീന്‍ ഫുട്ബോളിലെ ‘പെലെ’ എന്നറിയിപ്പെട്ടിരുന്ന സുലൈമാന്‍ അല്‍ ഉബൈദ്. 50 വയസുവരെ കളിക്കളത്തില്‍ തുടരുമെന്ന് സ്വപ്നം കണ്ട ചെറുപ്പക്കാരന്‍. എന്നാല്‍ 41ാം വയസില്‍ ഇസ്രഈലിന്റെ ടാങ്ക് ഷെല്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടു.

2025 ഓഗസ്റ്റ് 6 ന് തെക്കന്‍ ഗസയില്‍ ഭക്ഷണത്തിനായി ക്യൂ നില്‍ക്കവെയാണ് സുലൈമാന്‍ അല്‍-ഉബൈദിന് നേരെ ഇസ്രഈല്‍ ടാങ്ക് ഷെല്‍ പാഞ്ഞടുത്തത്.

‘ഇതുമാത്രമാണ് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഇനി ഞങ്ങളുടെ പക്കല്‍ ബാക്കിയുള്ളത്. അദ്ദേഹം ഉപേക്ഷിച്ചു പോയ ഏറ്റവും വിലപ്പെട്ട വസ്തു’ ഗസ ക്ലബ്ബായ അല്‍-ഷാതിക്ക് വേണ്ടി ഉബൈദ് ധരിച്ചിരുന്ന നീലയും വെള്ളയും നിറത്തിലുള്ള പത്താം നമ്പര്‍ ജേഴ്സി നെഞ്ചോട് ചേര്‍ത്ത്, തങ്ങളുടെ അഞ്ച് കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് ഉബൈദിന്റെ പ്രിയതമ ദോവ അല്‍-ഉബൈദ് കണ്ണീരണിഞ്ഞു.

സുലൈമാന്‍ അല്‍-ഉബൈദ്

ഈ വര്‍ഷം ആദ്യം ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഉബൈദിന്റെ വീട് പൂര്‍ണമായി തകര്‍ന്നിരുന്നു. പിന്നീട് ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു അദ്ദേഹവും കുടുംബവും.

ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ പെലെയോടായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട കാല്‍പ്പന്ത് താരത്തെ ആരാധകര്‍ ഉപമിച്ചിരുന്നത്.

യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഗവേണിങ് ബോഡിയായ യുവേഫ ഉബൈദിന് ആദരാഞ്ജലികളര്‍പ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ച് ഒരു തരത്തിലും പരാമര്‍ശിക്കാതിരിക്കാന്‍ യുവേഫ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.

ഇവരുടെ ഈ നിലപാടിനെതിരെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലയടക്കമുള്ള താരങ്ങള്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.’അദ്ദേഹം എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു എന്ന് പറയാമോ?’ എന്നായിരുന്നു സല ചോദിച്ചത്.

മുഹമ്മദ് സല

തെക്കന്‍ ഗസയില്‍ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ കുടുംബത്തിനായി ഭക്ഷണം ശേഖരിക്കാന്‍ കാത്തുനിന്നവര്‍ക്ക് നേരെയായിരുന്നു ഇസ്രഈലി സൈന്യത്തിന്റ ഷെല്ലാക്രമണം. സംഭവസ്ഥലത്ത് തന്നെ ഉബൈദ് മരണപ്പെട്ടു.

ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലാണ് ഉബൈദ് കൊല്ലപ്പെട്ടതെന്നും ഇസ്രഈലിന്റെ ടാങ്ക് ഷെല്ലാണ് അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും ഫലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷനും അദ്ദേഹത്തിന്റെ കുടുംബവും പറഞ്ഞു. എന്നാല്‍ ഉബൈദിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രഈല്‍ തയ്യാറായില്ല.

2023 ഒക്ടോബറില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിക്കുമ്പോള്‍, ഫലസ്തീന്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിരുന്ന താരമായിരുന്നു ഉബൈദ്.
ഏത് കഷ്ടപ്പാടുകള്‍ക്കിടയിലും ഉബൈദ് ഫുട്ബോളിനെ മറന്നിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പങ്കാളി ഓര്‍ക്കുന്നു.

എല്ലാ ദിവസവും ഉബൈദ് പരിശീലനത്തിന് പോകുമായിരുന്നു. ഒരു ദിവസം പോലും വീട്ടിലിരുന്നിട്ടില്ല. യുദ്ധത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പോലും.

റോക്കറ്റുകള്‍, ഷെല്ലാക്രമണങ്ങള്‍, കൂട്ടക്കൊലകള്‍ ഇതിനൊന്നും അദ്ദേഹത്തെ തളര്‍ത്താനായില്ല. സുഹൃത്തുക്കള്‍ക്കുമൊപ്പം കളിക്കളത്തിലായിരുന്നു അദ്ദേഹം എല്ലായ്പ്പോഴും.

ഫുട്ബോളില്‍ ആഗ്രഹിച്ച ഒരിടം നേടിയെങ്കിലും, ഉബൈദിന് കരിയറില്‍ ചില മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
2010ല്‍ അദ്ദേഹം വെസ്റ്റ് ബാങ്കില്‍ താമസിക്കുന്ന സമയത്ത്, മൗറിത്താനിയയില്‍ നടക്കുന്ന ഒരു സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ ജോര്‍ദാന്‍ അതിര്‍ത്തി കടക്കുന്നതിനിടെ അദ്ദേഹമുള്‍പ്പെടെ ആറ് ദേശീയ താരങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. കളിക്കാന്‍ ആവശ്യമുള്ള പ്രത്യേക പെര്‍മിറ്റുകള്‍ പുതുക്കിയില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്.

ആ സമയത്ത് AFPയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉബൈദ് തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു ‘യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു, അന്താരാഷ്ട്ര വേദികളില്‍ തന്റെ ദേശീയ ജേഴ്‌സി ധരിക്കാന്‍ സ്വപ്നം കാണുന്നവരാണ് ഏതൊരു കായികതാരങ്ങളും.

ലോകത്തിലെ മറ്റേതൊരു കായിക താരങ്ങളേയും പോലെ ഞങ്ങളുടെ കുടുംബങ്ങളോടൊപ്പം സ്വതന്ത്രമായി യാത്ര ചെയ്യാന്‍ ഞാനും ആഗ്രഹിക്കുന്നെന്നായിരുന്നു അന്ന് ഉബൈദ് പറഞ്ഞത്.

തന്റെ നീണ്ട കരിയറില്‍, 100ലധികം ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിനായി. ഫലസ്തീന്‍ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള താരങ്ങളില്‍ ഒരാളായി ഉബൈദ് മാറി.

1984 മാര്‍ച്ച് 24 ന് ഗസയില്‍ ജനിച്ച ഉബൈദ് തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത് ഖദാമത് അല്‍-ഷാതിയിലൂടെയാണ്, പിന്നീട് അധിനിവേശ വെസ്റ്റ് ബാങ്കില്‍ മര്‍കസ് ശബാബ് അല്‍-അമാരിക്കും ഗസ സ്പോര്‍ട്ടിനും വേണ്ടി കളിച്ചു.

2007 ല്‍ അരങ്ങേറ്റം കുറിച്ച ശേഷം ഫലസ്തീന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന ഉബൈദ് 24 മത്സരങ്ങള്‍ കളിക്കുകയും രണ്ട് തവണ ഗോള്‍ നേടുകയും ചെയ്തിരുന്നു.

അതില്‍ ഏറ്റവും പ്രശസ്തമായത് 2010ലെ വെസ്റ്റ് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ യെമന്‍ ദേശീയ ടീമിനെതിരെ നേടിയ ഒരു സിസേഴ്‌സ് കിക്ക് ഗോളായിരുന്നു.

2012 ലെ എ.എഫ്.സി ചലഞ്ച് കപ്പ് യോഗ്യതയിലും 2014 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ദേശീയ ടീമിനെ പ്രതിനിധീകരിച്ചു.

ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് അത്‌ലീറ്റുകളും പരിശീലകരും അഡ്മിനിസ്ട്രേറ്റര്‍മാരും റഫറിമാരും സ്‌പോര്‍ട്‌സ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ഗസയിലെ കായികമേഖലയൊന്നാകെ നശിപ്പിക്കപ്പെട്ടു.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ഉബൈദ്. ഭക്ഷണത്തിനും അതിജീവനത്തിനും വേണ്ടിയുള്ള നീണ്ട ക്യൂവില്‍ ജീവന്‍ പൊലിഞ്ഞവന്‍…

ഉബൈദിന്റെ ഓര്‍മകള്‍ക്ക് മരണമില്ലെന്ന് ഫലസ്തീന്‍ ഫുട്ബോള്‍ ആരാധകര്‍ പറയുന്നു. അദ്ദേഹത്തിന്റെ പൈതൃകം എക്കാലവും തുടരും… ഉബൈദിന്റെ പിന്‍ഗാമികളായി ഒരായിരം ഫലസ്തീന്‍ പെലേമാര്‍ ഗസയുടെ മണ്ണില്‍ പുനര്‍ജനിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

സെെത്തൂണിന്‍റെ മക്കള്‍

ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി

ഭാഗം രണ്ട്: റിഫാത്ത് അല്‍ അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി

ഭാഗം മൂന്ന്: ഡോ. അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍

ഭാഗം നാല്: ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍… ശാസ്ത്രജ്ഞന്‍

ഭാഗം അഞ്ച്: വാഇല്‍-അല്‍-ദഹ്ദൂഹ്; മാധ്യമപ്രവര്‍ത്തകന്‍, ഗസയിലെ പോരാളി

ഭാഗം ആറ്: അവ്‌നി എല്‍ ദൗസ്: മരണശേഷം ലോകമറിഞ്ഞ ഗസയിലെ യൂട്യൂബര്‍

ഭാഗം ഏഴ്: തുടരൂ അനസ്… ഇസ്രഈല്‍ കൊന്നുകളഞ്ഞ ഗസയുടെ ശബ്ദം

ഭാഗം എട്ട്റീമും താരിഖും, ഗസയുടെ മുത്തച്ഛന്റെ റൂഹായ പൊന്നുമക്കള്‍

ഭാഗം പത്ത്: ഡോ. മര്‍വാന്‍ അല്‍-സുല്‍ത്താന്‍; ഗസയുടെ ഹൃദയസൂക്ഷിപ്പുകാരന്‍

ഭാഗം പതിനൊന്ന്: ഡോ. ഗസ്സാന്‍ അബു-സിത്ത; ഇസ്രഈല്‍ പ്രാകൃതത്വത്തിന് നേര്‍സാക്ഷിയായ സര്‍ജന്‍

Content Highlight: Suleiman Al-Obeid, the ‘Palestinian Pele’ killed by Israel

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.