നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടി സുഹാസിനി മണിരത്‌നം. ഒരുപാട് ആളുകളുടെ ഫേവറിറ്റ് ആക്ടറാണ് മോഹന്‍ലാല്‍ എന്നും മണിരത്‌നത്തിന്റെയും കമല്‍ ഹാസന്റെയും റാം ഗോപാല്‍ വര്‍മയുടെയും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും സുഹാസിനി പറയുന്നു.
കമല്‍ ഹാസന്റെ അടുത്ത് താന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു എന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചില്ല എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചതെന്നും സുഹാസിനി പറഞ്ഞു.
27ാം വയസില്‍ തന്നെ കമല്‍ ഹാസന്‍ സംസാരിച്ചതെല്ലാം മോഹന്‍ലാലിനെ കുറിച്ചാണെന്നും സിനിമാ ഇന്‍ഡസ്ട്രിയില്‍ ഭൂരിഭാഗം ആളുകളും മോഹന്‍ലാല്‍ ഫാനാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗലാട്ടയോട് സംസാരിക്കുകയായിരുന്നു സുഹാസിനി.
‘ഒരുപാട് ആളുകളുടെ ഫേവറിറ്റ് ആക്ടറാണ് മോഹന്‍ലാല്‍. മണിരത്‌നത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണ്. കമല്‍ ഹാസന്റെയും റാം ഗോപാല്‍ വര്‍മയുടെയും എല്ലാം ഫേവറിറ്റ് ആക്ടര്‍ മോഹന്‍ലാല്‍ തന്നെയാണ്.
ഞാന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചുവെന്ന് പറഞ്ഞാലും എന്തുകൊണ്ട് മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കില്ല എന്നാണ് കമല്‍ ഹാസന്‍ ചോദിക്കുക. എനിക്ക് അന്ന് 20 വയസാണ്. കമലിന് 27 വയസും. ആ 27ാം വയസില്‍ തന്നെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത് മോഹന്‍ലാലിനെ കുറിച്ചാണ്.
വളരെ നന്നായി അഭിനയിക്കും എന്നാണ് കമല്‍ മോഹന്‍ലാലിനെ കുറിച്ച് പറയുന്നത്. അങ്ങനെ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഭൂരിഭാഗം ആളുകളും മോഹന്‍ലാല്‍ ഫാനാണ്,’ സുഹാസിനി മണിരത്‌നം പറയുന്നു.