സുഡാൻ ആഭ്യന്തര യുദ്ധം; കോർഡോഫാൻ കൂട്ടക്കൊലകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യു.എൻ
Sudan
സുഡാൻ ആഭ്യന്തര യുദ്ധം; കോർഡോഫാൻ കൂട്ടക്കൊലകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th December 2025, 8:46 am

ഖാർത്തും: സുഡാനിലെ കോർഡോഫാൻ കൂട്ടക്കൊലകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ. കോർഡോഫാന് മറ്റൊരു എൽ ഫാഷർ ആകാൻ കഴിയില്ലെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.

കോർഡോഫാനിലെ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയൊരു കൂട്ടക്കൊല ഉണ്ടാകുമോയെന്ന ഭയമുണ്ടെന്നും വോൾക്കർ ടർക്ക് പറഞ്ഞു. മറ്റൊരു മനുഷ്യനിർമിത ദുരന്തത്തിന് മുന്നിൽ നിശബ്ദരായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എൽ ഫാഷറിലെ ഭയാനകമായ സംഭവങ്ങൾക്ക് ശേഷം കോർഡോഫാനിൽ അവ ആവർത്തിക്കുമോയെന്ന് ഭയപ്പെടുത്തുന്നു,’ വോൾക്കർ ടർക്ക് കൂട്ടിച്ചേർത്തു.

സുഡാനീസ് സായുധ സേനയും (എസ്.എ.എഫ്) റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ.എസ്.എഫ്) തമ്മിലുള്ള ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനും സംഘർഷത്തിനായുള്ള ആയുധങ്ങൾ എത്തിക്കുന്നത് തടയുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘എൽ ഫാഷറിലെ കൂട്ടക്കൊലയിൽനിന്നും പാഠം പഠിച്ചില്ലേ? സുഡാനിലെ ജനങ്ങൾ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇനിയും ഇരയാകുന്നത് അനുവദിച്ചുകൊണ്ട് നമുക്ക് വെറുതെ ഇരിക്കാൻ കഴിയില്ല. നമ്മൾ നടപടിയെടുക്കണം, ഈ യുദ്ധം ഇപ്പോൾ അവസാനിപ്പിക്കണം,’ അദ്ദേഹം പറഞ്ഞു.


നവംബർ മൂന്നിന് നോർത്ത് കോർഡോഫാനിലെ എൽ ഒബൈദിൽ ആർ.എസ്.എഫ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതായും നവംബർ 29 ന് സൗത്ത് കോർഡോഫാനിലെ കൗഡയിൽ നടന്ന എസ്.എ.എഫ് ആക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നെന്ന് യു.എൻ റിപ്പോർട്ട് ചെയ്യുന്നു.

ആർ.എസ്.എഫ് നോർത്ത് കോർഡോഫാനിലെ ബാര പിടിച്ചെടുത്തതിനുശേഷം നടത്തിയ വ്യോമാക്രമണത്തിലും വെടിവയ്പ്പിലും എന്നിവയിൽ കുറഞ്ഞത് 269 സിവിലിയൻ മരണങ്ങളെങ്കിലും യു.എൻ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുഡാനിൽ വർധിച്ചു വരുന്ന അരക്ഷിതാവസ്ഥ കാരണം ഒറ്റദിവസം കൊണ്ട് കെർത്തലയിൽ നിന്നും 1600 പൗരന്മാർ പലായനം ചെയ്തെന്നും 400 ഓളം കുട്ടികൾ അനാഥരായെന്നും യു.എന്നിന്റെ മൈഗ്രേഷൻ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: Sudan war; UN warns of massacres in Kordofan