സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാന്‍ ആര്‍.എസ്.എസിന് എന്തര്‍ഹത ? പ്രതികരിച്ച് നേതാജിയുടെ ബന്ധു
national news
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാന്‍ ആര്‍.എസ്.എസിന് എന്തര്‍ഹത ? പ്രതികരിച്ച് നേതാജിയുടെ ബന്ധു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2023, 1:28 pm

ദല്‍ഹി: സ്വാതന്ത്രസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തതില്‍ വിവാദം കനക്കുന്നു.

നേതാജിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ആര്‍.എസ്.എസിന്റെ യോഗ്യതയെ ചോദ്യം ചെയ്തുകൊണ്ട് കുടുംബാംഗം രംഗത്തെത്തി.

നേതാജിയുടേതില്‍ നിന്ന് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള, സവര്‍ക്കറെ ആരാധിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്നും അവര്‍ക്ക് നേതാജിയുടെ ജന്മദിനം ആഘോഷിക്കാനുള്ള അവകാശമില്ലെന്നുമുള്ള തരത്തിലാണ് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗമായ ചന്ദ്രകുമാര്‍ ബോസ് പ്രതികരിച്ചത്.

നേതാജിയുടെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കൊല്‍ക്കത്തയിലെത്തിയതിന് പിന്നാലെയായിരുന്നു ചന്ദ്രകുമാര്‍ ബോസിന്റെ ടൈംസ് നൗവിനോടുള്ള പ്രതികരണം.

”ആര്‍.എസ്.എസ് ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. നേതാജി ഒരു ഹിന്ദു ഭക്തനായിരുന്നു എന്നത് ശരി തന്നെ. അദ്ദേഹം കാളി ഭക്തനായിരുന്നു. രാത്രി വൈകി ദക്ഷിണേശ്വര്‍ ക്ഷേത്രത്തില്‍ പോയി കാളിദേവിയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.

എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയപ്പോള്‍ അദ്ദേഹം ഒരിക്കലും മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ല, മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചിട്ടില്ല,” ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

നേതാജിയുടെ പ്രത്യയശാസ്ത്രത്തെ ആര്‍.എസ്.എസ് എതിര്‍ക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും നേതാജിയുടെ ഭാരതം എന്ന സങ്കല്‍പത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ലെന്നും ചന്ദ്രകുമാര്‍ വ്യക്തമാക്കി.

സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആര്‍.എസ്.എസിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചുകൊണ്ട് നേരത്തെ അദ്ദേഹത്തിന്റെ മകള്‍ അനിത ബോസും രംഗത്തെത്തിയിരുന്നു.

തന്റെ പിതാവിന്റെ ജന്മദിനത്തില്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ചൂഷണം ചെയ്യാനാണ് എന്നായിരുന്നു അനിത ബോസ് പറഞ്ഞത്.

മതേതരത്വത്തിലും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിലും വിശ്വസിച്ചിരുന്ന ആളായിരുന്നു സുഭാഷ് ചന്ദ്രബോസ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആശയങ്ങളും ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രവും ഒരിക്കലും പൊരുത്തപ്പെടില്ല, അവ വ്യത്യസ്ത ധ്രുവങ്ങളിലാണ് നില്‍ക്കുന്നത്, അനില്‍ ബോസ് പറഞ്ഞു.

പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തില്‍, ഇന്നത്തെ ഇന്ത്യയില്‍ സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ് കൂടുതല്‍ അടുത്ത് നില്‍ക്കുന്നതെന്നും മകള്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സവര്‍ക്കറെയും നേതാജിയെയും ആഘോഷിക്കുന്നത് ആര്‍.എസ്.എസിന്റെ വൈരുധ്യമാണ് കാണിക്കുന്നതെന്നായിരുന്നു ടി.എം.സിയുടെ രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞത്.

”നമ്മുടെ ദേശീയ നേതാക്കള്‍ക്കിടയില്‍ ആര്‍.എസ്.എസിന് അവകാശപ്പെടാന്‍ ആരുമില്ല. അവരുടെ നേതാവായ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് മാപ്പ് തേടിയതിന്റെ പേരില്‍ പിന്നീട് ഇന്ത്യക്കാര്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.

ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകാത്ത നേതാജിയെ ഇവര്‍ എങ്ങനെ അംഗീകരിക്കും. തികച്ചും മതേതരനായ വ്യക്തിത്വമായിരുന്നു നേതാജി,” എന്നായിരുന്നു സുഖേന്ദു ശേഖര്‍ റോയിയുടെ പ്രതികരണം.

ജനുവരി 23നാണ് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം.

Content Highlight: Subhas Chandra Bose relative chandrakumar bose reaction on RSS celebrating his birthday