സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് സ്റ്റണ്ട് സില്‍വ. 2007ല്‍ എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ യമദൊങ്കയിലൂടെയാണ് അദ്ദേഹം ആക്ഷന്‍ കൊറിയോഗ്രഫറായി തന്റെ കരിയര്‍ ആരംഭിക്കുന്നത്.
ശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, നേപ്പാളി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിനൊപ്പം ഒരുപാട് സിനിമകളില്‍ വില്ലനായും അല്ലാതെയും സില്‍വ അഭിനയിക്കുകയും ചെയ്തു.
2012ല്‍ ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന സിനിമയിലൂടെയാണ് സില്‍വ മലയാള സിനിമയില്‍ എത്തുന്നത്. ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
മോഹന്‍ലാലിനൊപ്പം ജില്ല, മിസ്റ്റര്‍ ഫ്രോഡ്, ലോഹം, ഒപ്പം, ലൂസിഫര്‍, ബിഗ് ബ്രദര്‍, മോണ്‍സ്റ്റര്‍, എമ്പുരാന്‍, തുടരും എന്നീ സിനിമകളിലാണ് സ്റ്റണ്ട് സില്‍വ ആക്ഷന്‍ കൊറിയോഗ്രഫറായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ മോഹന്‍ലാലുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുകയാണ് സില്‍വ.
താന്‍ ആദ്യമായി കണ്ട സിനിമ മോഹന്‍ലാലിന്റെ നമ്പര്‍ 20 മദ്രാസ് മെയില്‍ ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യമായി മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്തത് തമിഴ് ചിത്രമായ ജില്ലയില്‍ ആണെന്നും സില്‍വ പറയുന്നു. സ്‌കൈലാര്‍ക്ക് പിക്‌ച്ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാല്‍ സാറുമായി എനിക്കുള്ള ബോണ്ടിനെ കുറിച്ച് ചോദിച്ചാല്‍ എനിക്ക് പറയാന്‍ വലിയ ഫ്‌ളാഷ്ബാക്ക് തന്നെയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ പഠനം കഴിഞ്ഞ് മദ്രാസില്‍ വന്ന ആദ്യത്തെ ദിവസം എനിക്ക് ഇന്നും ഓര്‍മയുണ്ട്. ഞാന്‍ വലിയ ബാക്ഗ്രൗണ്ടില്‍ നിന്നൊന്നുമല്ല വരുന്നത്.
വളരെ സാധാരണമായ ഒരു ആളാണ് ഞാന്‍. അന്ന് മദ്രാസില്‍ വരാന്‍ വേണ്ടി എന്റെ സുഹൃത്ത് എനിക്ക് നൂറ് രൂപ തരികയായിരുന്നു. അതുമായിട്ടാണ് ഞാന്‍ മദ്രാസില്‍ എത്തുന്നത്. 85 രൂപയായിരുന്നു എനിക്ക് അവിടേക്ക് വരാനുള്ള ടിക്കറ്റിന് ആവശ്യമായത്.
ബാക്കി വന്നത് വെറും 15 രൂപയായിരുന്നു. അന്ന് മദ്രാസില്‍ വന്ന് ഇറങ്ങിയതും കൂട്ടുകാരന്‍ പറഞ്ഞത് ‘ഇവിടെ അടുത്തൊരു പടം ഓടുന്നുണ്ട്. നമുക്ക് അത് കാണാന്‍ പോകാം’ എന്നായിരുന്നു. അന്ന് ഞാന്‍ സിനിമയൊന്നും കണ്ടിട്ടില്ല. സ്‌കൂള്‍ ഹോസ്റ്റലില്‍ ആയിരുന്നല്ലോ പഠിച്ചത്.
‘ആദ്യ ദിവസം തന്നെ സിനിമ കാണാന്‍ പോകണോ. ഇന്ന് മദ്രാസില്‍ വന്നതല്ലേയുള്ളൂ. ഇന്ന് നമുക്ക് മദ്രാസ് മൊത്തം കാണാം’ എന്ന് ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു. പക്ഷെ അവന്‍ സിനിമ കാണാന്‍ പോകണമെന്ന് പറഞ്ഞ് വാശി പിടിച്ചതോടെ ഞങ്ങള്‍ എ.വി.എം സ്റ്റുഡിയോയില്‍ പോയി.
അവിടെ അതിനോട് ചേര്‍ന്ന് തന്നെയായിരുന്നു തിയേറ്ററും ഉണ്ടായിരുന്നത്. നാല് രൂപയും അമ്പത് പൈസയുമായിരുന്നു അന്ന് ഒരു സിനിമയുടെ ടിക്കറ്റിന് ഉണ്ടായിരുന്നത്. അങ്ങനെ ഉണ്ടായിരുന്ന 15 രൂപയില്‍ നിന്നും ഒമ്പത് രൂപ ഞങ്ങളുടെ ടിക്കറ്റിന് പോയി.
അന്ന് ഞാന്‍ കണ്ട ആദ്യ സിനിമ മോഹന്‍ലാല്‍ സാറിന്റേതാണ്. മദ്രാസില്‍ ഇറങ്ങിയ ആദ്യ ദിവസം ഞാന്‍ കണ്ട സിനിമ നമ്പര്‍ 20 മദ്രാസ് മെയില്‍ ആയിരുന്നു. പിന്നീട് ഞാന്‍ സാറിന്റെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്തത് ജില്ല എന്ന സിനിമയിലായിരുന്നു,’ സ്റ്റണ്ട് സില്‍വ പറയുന്നു.
Content Highlight: Stunt Silva Talks About Mohanlal’s Number 20 Madras Mail Movie