കൊല്ലത്ത് വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍
Kerala News
കൊല്ലത്ത് വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th January 2025, 11:03 am

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബസ് ഡ്രൈവര്‍ സാബു, സഹായി സുഭാഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെയും റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തൃക്കോവില്‍വട്ടം സ്വദേശിയായ സാബു, മുഖത്തലവട്ടം സ്വദേശി സുഭാഷ് എന്നിവര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി.

സ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാര്‍ത്ഥികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എട്ട് പോക്‌സോ കേസുകളാണ് രണ്ട് പ്രതികള്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രതികള്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നുണ്ടെന്നും ലൈംഗിക ചുവയോടുകൂടി സംസാരിക്കുന്നുണ്ടെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശക്തികുളങ്ങര പൊലീസിന് പരാതി നല്‍കുകയുമായിരുന്നു.

ബസില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ലൈംഗികാതിക്രമം നടത്തുന്നുണ്ടെന്നും അവരെ ലൈംഗികപരമായി ഉപദ്രവിക്കുന്നുണ്ടെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

പിന്നാലെ രണ്ട് പ്രതികളെയും പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്ത പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.

Content Highlight: Students sexually assaulted in Kollam; School bus driver and assistant arrested