കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമം; ഇസ്രഈലിനെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം: യൂറോ-മെഡ്
World News
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമം; ഇസ്രഈലിനെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം: യൂറോ-മെഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th January 2025, 9:44 am

ജനീവ: ഇസ്രഈലിനെ ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍. ഫലസ്തീനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഇസ്രഈലിന്റെ ലൈംഗികാതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂറോ-മെഡ് രംഗത്തെത്തിയത്.

ബന്ദികളാക്കപ്പെട്ട ഫലസ്തീനികളെ പോലും ഇസ്രഈല്‍ സൈന്യം വെറുതെ വിടുന്നില്ലെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു. ആസൂത്രിതമായ ഈ അതിക്രമങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

‘സംഘര്‍ഷങ്ങള്‍ക്കിടെ ലൈംഗികാതിക്രമം നടത്തുന്നതായി സംശയിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ കരിമ്പട്ടികയില്‍ ഇസ്രഈലിനെ ഉള്‍പ്പെടുത്തേണ്ടത് അടിസ്ഥാനപരമായ ആവശ്യം,’ യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍

എന്നാല്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തെ സംബന്ധിച്ച് യു.എന്‍ നടത്താനിരുന്ന അന്വേഷണങ്ങളെ ഇസ്രഈല്‍ തടസപ്പെടുത്തുകയാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ പറഞ്ഞു. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

2023ല്‍ ആരംഭിച്ച ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം 79 ശതമാനവും ബാധിച്ചത് ഗസയിലെ കുട്ടികളെയും സ്ത്രീകളെയുമാണ്. ഇതില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നതായും ബലാത്സംഗം ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു.

ഫലസ്തീന്‍ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ അടിവസ്ത്രങ്ങള്‍ ധരിച്ച് ഇസ്രഈലി സൈനികര്‍ നില്‍ക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടികളെ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.

നേരത്തെ വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റക്കാരുടെ സംഘടനകളെയും ഔട്ട്പോസ്റ്റുകളെയും യു.കെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മേഖലയിലെ ഫലസ്തീനികള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നതിലും ആക്രമണങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു നടപടി.

വെസ്റ്റ് ബാങ്കിലെ മൂന്ന് ഔട്ട്പോസ്റ്റുകളെയാണ് യു.കെ കരിമ്പട്ടികയില്‍ ചേര്‍ത്തത്. ഇസ്രഈലികളുടെ വെസ്റ്റ് ബാങ്കിലെ കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും യു.കെ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം, 46000 ലധികം ഫലസ്തീനികള്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 110,000 ഫലസ്തീനികള്‍ക്കാണ് ആക്രമങ്ങള്‍ക്കിടെ പരിക്കേറ്റത്.

മരിച്ചവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധം ഗസയുടെ വലിയ ഭൂപ്രദേശത്തെ ബാധിക്കുകയും 2.3 ദശലക്ഷം ജനങ്ങളില്‍ 90% ആളുകളെയും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് തീരപ്രദേശത്തെ ക്യാമ്പുകളില്‍ പരിമിതമായ സൗകര്യങ്ങളോടെ കഴിയുന്നത്.

Content Highlight: Israel Should Be Blacklisted by the U.N.: Euro-Med