നാല് വയസില്‍ താഴെയുള്ള കുട്ടികളുടെ മരുന്ന് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം: എഫ്.ഡി.സി മരുന്നുകള്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍
India
നാല് വയസില്‍ താഴെയുള്ള കുട്ടികളുടെ മരുന്ന് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം: എഫ്.ഡി.സി മരുന്നുകള്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍
അഞ്ജു ചന്ദ്രന്‍
Saturday, 22nd August 2026, 5:25 pm

ന്യൂദല്‍ഹി: നാല് വയസില്‍ താഴെയുള്ള കുട്ടികളുടെ മരുന്ന് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ക്ക് നല്‍കുന്ന രണ്ട് രാസഘടകങ്ങള്‍ അടങ്ങിയ ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്.ഡി.സി) മരുന്നുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് നടപടിയെന്ന് റിപ്പോര്‍ട്ട്.

ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ്, ഫിനൈലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ എല്ലാ ഫിക്‌സഡ് ഡോസ് കോമ്പിനേഷനുകളുടെയും നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവയ്‌ക്കെതിരെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശ പ്രകാരമാണ് തീരുമാനം.

‘ നാല് വയസിന് താഴെയുള്ള കുട്ടികളില്‍ ഫിക്‌സ്ഡ് ഡോസ് കോബിനേഷന്‍ ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പ് ലേബലിലും പാക്കേജ് ഇന്‍സേര്‍ട്ടിലും വ്യക്തമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ ദ ഹിന്ദു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2025 ഏപ്രില്‍ 25 നും സര്‍ക്കാര്‍ ഇതേ രീതിയില്‍ വിജ്ഞാപനമിറക്കിയിരുന്നു. ആ വിജ്ഞാപനത്തില്‍ ചില ഫിക്‌സഡ് ഡോസ് കോബിനേഷനുകള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഒരേ മരുന്നില്‍ രണ്ടോ അതിലധികമോ ഘടകങ്ങള്‍ നിശ്ചിത അളവില്‍ ചേര്‍ത്തതാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍. ചില കോമ്പിനേഷനുകള്‍ കുട്ടികളില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അനാവശ്യമായ മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാനും ഇത്തരം നിയന്ത്രണങ്ങള്‍ സഹായിക്കുമെന്നും ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കുമ്പോള്‍ ശരിയായ അളവും സുരക്ഷയും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

കുട്ടികള്‍ക്കുള്ള മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം കോമ്പിനേഷനുകളുടെ ഉപയോഗം സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും നിയന്ത്രണ വിധേയമാക്കിയ മരുന്നുകളുടെ ഉപയോഗത്തിലും വിതരണത്തിലും പുതിയ നിര്‍ദേശങ്ങള്‍ ബാധകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1940 ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ സെക്ഷന്‍ 26 എ പ്രകാരമാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.

Content Highlights: Strict controls on medication use for children under four: Central government bans FDC drugs.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.