സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒക്ടോബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫൈനല്‍ റൗണ്ടില്‍ 36 സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇവയില്‍ നിന്ന് പുരസ്‌കാരത്തിനര്‍ഹമായ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് 31ന് അറിയാമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രകാശ് രാജ് ചെയര്‍മാനായ ഏഴംഗ ജൂറി പാനലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തേതുപോലെ ഇത്തവണയും കടുത്ത മത്സരം തന്നെയാകും നടക്കുകയെന്ന് ആദ്യം മുതലേ ഉറപ്പായിരുന്നു. ആസിഫ് അലി, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയുടെ പേരും മികച്ച നടന്മാരുടെ പട്ടികയിലുണ്ട്. മൂന്ന് പേരില്‍ ആരാകും പുരസ്‌കാരം നേടുകയെന്ന ചര്‍ച്ച കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമാപേജുകളില്‍ നടക്കുകയാണ്.
മികച്ച നടിമാരുടെ പുരസ്‌കാരത്തിനും വാശിയേറിയ മത്സരം തന്നെയാകും നടക്കുക. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസയും അം അഃയിലെ പ്രകടനത്തിന് ശ്രുതി ജയന്‍, മീര വാസുദേവ് എന്നിവരും മികച്ച നടിക്കുള്ള മത്സരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂക്ഷ്മദര്‍ശിനിയിലെ പ്രകടനത്തിന് നസ്രിയക്കും പുരസ്‌കാരം ലഭിച്ചേക്കുമെന്നാണ് സൂചന.
ഫെമിനിച്ചി ഫാത്തിമ, അം അഃ, ഭ്രമയുഗം, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നുണ്ട്. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളില്‍ ഏതെങ്കിലും ഒന്ന് ജനപ്രിയ ചിത്രമായേക്കുമെന്നും കണക്കുകൂട്ടുന്നു. കഴിഞ്ഞവര്‍ഷത്തെ മികച്ച പ്രകടനങ്ങള്‍ ഏതൊക്കെയാകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
2024ല്‍ ഓഗസ്റ്റിലായിരുന്നു ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വര്‍ഷം ചലച്ചിത്ര കോണ്‍ക്ലേവ് നടന്നതിനാല്‍ പ്രഖ്യാപനം വൈകുകയായിരുന്നു. സെപ്റ്റംബര്‍ അവസാനം ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഈ വാര്‍ത്തകള്‍ തള്ളിക്കളയുകയായിരുന്നു.
Content Highlight: State Film Awards will declare on October 31 and Mohanlal on probability list