മോഹന്‍ലാല്‍ ഒരു നിര്‍മാതാവായി മാറി, പണത്തോടുള്ള കൊതികൊണ്ടാണോ എന്നറിയില്ല, ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്; അനുഭവം പറഞ്ഞ് ശ്രീനിവാസന്‍
Entertainment
മോഹന്‍ലാല്‍ ഒരു നിര്‍മാതാവായി മാറി, പണത്തോടുള്ള കൊതികൊണ്ടാണോ എന്നറിയില്ല, ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്; അനുഭവം പറഞ്ഞ് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th January 2021, 10:18 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍മാരാണ് ശ്രീനിവാസനും മോഹന്‍ലാലും. ഇരുവരും ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഒട്ടനവധി സിനിമാപ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാറുമുണ്ട്.

മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു സിനിമാ അനുഭവം പങ്കുവെയ്ക്കുകയാണ് കൈരളിയിലെ പരിപാടിയില്‍ നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാല്‍ നിര്‍മാതാവായി പ്രവര്‍ത്തിച്ചതിനെക്കുറിച്ചുള്ള അനുഭവമാണ് ശ്രീനിവാസന്‍ പങ്കുവെയ്ക്കുന്നത്.

അഭിനേതാവായ മോഹന്‍ലാല്‍ നിര്‍മാതാവായത് പണത്തോടുള്ള മോഹം കൊണ്ടാണോ എന്ന് തനിക്കറിയില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. ചിലപ്പോള്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന മോഹം കൊണ്ടു തന്നെയായിരിക്കാം ലാല്‍ നിര്‍മാതാവായതെന്നും എന്നാല്‍ സിനിമ നിര്‍മിച്ച് ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുള്ളതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കുറേ പണം നഷ്ടപ്പെട്ട മോഹന്‍ലാല്‍ ഒരു ഫിലോസഫറിനെപ്പോലെയാണ് തന്നോട് സംസാരിച്ചിരുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു. പണം നഷ്ടപ്പെട്ടതിന് ശേഷം വിഷാദ ഭാവത്തിലുള്ള മോഹന്‍ലാലിനെ താന്‍ കണ്ടിട്ടുണ്ടെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു.

തന്നെയും സത്യന്‍ അന്തിക്കാടിനെയും മോഹന്‍ലാലിനെയും വെച്ച് ഒരു സിനിമയെടുക്കാന്‍ തയ്യാറാണെങ്കില്‍ പ്രതിഫലവും നിര്‍മാണച്ചിലവിനും പുറമെ സത്യനും തനിക്കും പ്രത്യേക പ്രതിഫലം നല്‍കാമെന്ന് നിര്‍മാതാവ് കെ.ടി കുഞ്ഞുമോന്‍ പറഞ്ഞതിനെക്കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു അവസരം നിരസിക്കുകയായിരുന്നുവെന്നും ബിസിനസ് മാത്രമായിരുന്നില്ല ലക്ഷ്യം എന്നതുകൊണ്ടാണ് തങ്ങളത് നിരസിച്ചതെന്നും ശ്രീനിവാസന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreenivasan shares experience about Mohanlal