ഞങ്ങളുടെ കൂട്ടായ്മയിൽ വരുന്ന ചിത്രത്തിന്റെ വിജയമാണ് മോഹൻലാലിനുള്ള പിറന്നാൾ സമ്മാനം: ശ്രീനിവാസൻ
Entertainment
ഞങ്ങളുടെ കൂട്ടായ്മയിൽ വരുന്ന ചിത്രത്തിന്റെ വിജയമാണ് മോഹൻലാലിനുള്ള പിറന്നാൾ സമ്മാനം: ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st May 2023, 6:22 pm

തനിക്ക് ഇനിയും മോഹൻ ലാലിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ ശ്രീനിവാസൻ. മോഹൻലാലിനെ വളരെ ഇഷ്ടമാണെന്നും വെറുക്കാൻ കാരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻലാലുമൊത്തൊരു ചിത്രത്തിന് ആഗ്രഹമുണ്ട്. മോഹൻലാലിനെ ഇഷ്ടമാണ്, വെറുക്കാൻ ഇതുവരെ കാരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല (ചിരിക്കുന്നു). മോഹൻലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് വായിച്ചിട്ട് അഭിപ്രായം പറയാറുണ്ട്. അത് സിനിമക്ക് ഉപകാരപ്പെടാറുണ്ട്.

ഞങ്ങൾ തമ്മിലുള്ള ചിത്രത്തിനുവേണ്ടി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയന് (പ്രിയ ദർശൻ) ആഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണിഷ്ടം. പക്ഷെ പ്ലാൻ ഒന്നും ഇട്ടിട്ടില്ല. പ്രിയന് ഒരു പ്ലാൻ ഉണ്ട്.
വിനീതിന് (വിനീത് ശ്രീനിവാസൻ) വളരെ ആഗ്രഹമുണ്ട്. ചിലപ്പോൾ അതായിരിക്കും ആദ്യം നടക്കുന്നത്,’ ശ്രീനിവാസൻ പറഞ്ഞു.

അഭിമുഖത്തിനിടയിൽ താരം മോഹൻലാലിന് പിറന്നാൾ ആശംസകളും നേർന്നു. മോഹൻലാലുമൊത്തുള്ള കൂട്ടായ്മയിൽ വരാൻ പോകുന്ന ചിത്രം വിജയമാകട്ടെയെന്നും, ചിത്രത്തിന്റെ വിജയമാണ് മോഹൻലാലിന് നൽകുന്ന എറ്റവും വലിയ പിറന്നാൾ ആശംസയെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ കൂട്ടായ്മയിൽ വരാൻ പോകുന്ന ചിത്രം വലിയ വിജയമായിത്തീരട്ടെയെന്നും ആ വിജയമായിരിക്കട്ടെ ലാലിന് നേരുന്ന പിറന്നാൾ സമ്മാനം,’ ശ്രീനിവാസൻ പറഞ്ഞു.

Content Highlights: Sreenivasan on Mohanlal