അന്ന് ഞാന്‍ കരഞ്ഞു, ഇവനെയും കൊണ്ട് ഒരിടത്തും പോകാന്‍ പറ്റില്ലെന്നാണ് ആ നടന്‍ പറഞ്ഞത്: ശ്രീനാഥ് ഭാസി
Entertainment
അന്ന് ഞാന്‍ കരഞ്ഞു, ഇവനെയും കൊണ്ട് ഒരിടത്തും പോകാന്‍ പറ്റില്ലെന്നാണ് ആ നടന്‍ പറഞ്ഞത്: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 5:24 pm

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനായി മാറിയ വ്യക്തിയാണ് ശ്രീനാഥ് ഭാസി. ബ്ലെസി – മോഹന്‍ലാല്‍ ചിത്രമായ പ്രണയം ആയിരുന്നു നടന്റെ ആദ്യ സിനിമ. 2011ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.

എന്നാല്‍ 2012ല്‍ പുറത്തിറങ്ങിയ ടാ തടിയാ എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി എന്ന നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മിക്കതും ഏറെ ശ്രദ്ധേയമായതായിരുന്നു.

കഴിഞ്ഞ വര്‍ഷം വലിയ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലും നടന്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. മലയാളികളേക്കാള്‍ കൂടുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു ഈ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

ഇപ്പോള്‍ തമിഴ്‌നാട്ടിലെ സത്യ തിയേറ്ററില്‍ നിന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് ശ്രീനാഥ് ഭാസി. അവിടെയുള്ള ആളുകള്‍ ആ സിനിമയെ ഏറ്റെടുത്തത് കണ്ട് അന്ന് താന്‍ കരഞ്ഞുവെന്നാണ് നടന്‍ പറയുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ തമിഴ്‌നാട് സത്യം തിയേറ്ററില്‍ പോയി കണ്ടിരുന്നു. അത് ശരിക്കും വളരെ അടിപൊളി ആയിരുന്നു. ഞാന്‍ ശരിക്കും കരഞ്ഞു. ബാലു (ബാലു വര്‍ഗീസ്) ഒരു സൈഡില്‍ നിന്ന് ‘കരയുകയാണോ നീ. ഇവനെയും കൊണ്ട് ഒരു സ്ഥലത്ത് പോകാന്‍ പറ്റില്ല’ എന്നായിരുന്നു പറഞ്ഞത്.

അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അവിടെ ആ സിനിമക്ക് ലഭിച്ച സ്വീകാര്യത ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞിട്ടാണ് ഞാന്‍ പുതുതായി ഇറങ്ങിയ ആസാദി എന്ന സിനിമയിലേക്ക് വരുന്നത്.

അന്ന് പക്ഷെ ആ സിനിമ റിലീസ് ആയിരുന്നില്ല. മഞ്ഞുമ്മലിന്റെ ഷൂട്ട് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരു പടം ഹിറ്റായാല്‍ അതിന്റെ ഹൈപ്പൊന്നും നമ്മളെ ബാധിക്കില്ല. ആ പടം വിജയിച്ചാല്‍ വിജയിച്ചുവെന്ന് മാത്രമേയുള്ളൂ. പിന്നെ നേരെ അടുത്ത സിനിമയിലേക്ക് പോകും,’ ശ്രീനാഥ് ഭാസി പറയുന്നു.


Content Highlight: Sreenath Bhasi Talks About Balu Varghese And Manjummel Boys Movie