ആസിഫ് കല്യാണത്തിന് വിളിച്ചിട്ട് ഞാന്‍ പോയില്ല, നിവിന്‍ സിനിമയിലെ പോലെ തന്നെ നല്ല ചളിയാണ്: താരങ്ങളെ കുറിച്ച് ശ്രീനാഥ് ഭാസി
Entertainment news
ആസിഫ് കല്യാണത്തിന് വിളിച്ചിട്ട് ഞാന്‍ പോയില്ല, നിവിന്‍ സിനിമയിലെ പോലെ തന്നെ നല്ല ചളിയാണ്: താരങ്ങളെ കുറിച്ച് ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd September 2022, 7:19 pm

മലയാള സിനിമയിലെ വിവിധ താരങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് ശ്രീനാഥ് ഭാസി. തന്റെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നിവിന്‍ പോളി, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, മഞ്ജു പിള്ള എന്നിവരെ കുറിച്ചാണ് ശ്രീനാഥ് അഭിമുഖത്തില്‍ സംസാരിക്കുന്നത്.

”നിവിന്‍ ഈസ് വെരി ഫണ്ണി, നിവിന്‍ കോമഡിയാണ്. നിവിന്റെ കോമഡിയും ചളിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും അവന്‍ നല്ല ചളിയടിക്കും.

ആസിഫ് എന്നെ കല്യാണത്തിന് വിളിച്ചിരുന്നു, പക്ഷെ ഞാന്‍ പോയില്ല. എടാ നീ ഇത്ര നാള്‍ ഒരുമിച്ച് നിന്നിട്ടും കല്യാണത്തിന് വന്നില്ലല്ലോ, എന്ന് പിന്നീട് ആസിഫ് ചോദിച്ചു. അപ്പോഴാണ് അവന്‍ ഒരു നല്ല ഫ്രണ്ടാണെന്ന് ഞാന്‍ മനസിലാക്കിയത്.

അവന്‍ ശരിക്കും കല്യാണത്തിന് വിളിച്ചതായിരുന്നല്ലേ, എന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് പോകാന്‍ പറ്റിയില്ല, അത് അവന് ഭയങ്കര വിഷമമായി. ഞാന്‍ സോറി പറഞ്ഞു. ആസിഫ് ഈസ് എ വെരി ഗുഡ് ഗൈ. കലക്കന്‍ മച്ചാനാണ്.

സൗബിന്‍ എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. പറവ ചെയ്തപ്പോഴൊക്കെ അവന്റെ വളര്‍ച്ച ഞാന്‍ കണ്ടിട്ടുണ്ട്. ഭയങ്കര ഇന്‍സ്‌പെയറിങ്ങാണ്. എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്.

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, അടിപൊളിയാണ്. ഞാന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ കണ്ടവരില്‍ വെച്ച് ഏറ്റവും നൈസായ ആളുകളിലൊരാളാണ് മഞ്ജു ചേച്ചി,” ശ്രീനാഥ് ഭാസി പറഞ്ഞു.

സംവിധാനം ചെയ്യാന്‍ പ്ലാനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന്, ‘അയ്യോ, ഭയങ്കര തലവേദനയുള്ള പണിയാണ്. ഒരേ സമയത്ത് കുറേ ആളുകളെ ഹാന്‍ഡില്‍ ചെയ്യണം, കുറേ കാര്യങ്ങള്‍ ചിന്തിക്കണം.

ഒരുപാട് പ്രഷറുള്ള ജോലിയാണ്. അത് ഫുള്ളി എക്‌സിക്യൂട്ട് ചെയ്യണമെങ്കില്‍ അത്രയും നല്ല ആളുകള്‍ ചുറ്റിലും വേണം,” എന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സെപ്റ്റംബര്‍ 23നാണ് ചട്ടമ്പി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഹര്‍ത്താല്‍ ദിവസമാണെങ്കിലും റിലീസ് മാറ്റിവെക്കില്ല എന്ന് നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Sreenath Bhasi about actors Asif Ali, Nivin Pauli and Soubin Shahir