രണ്ട് മുടിയിഴകളുടെ പേരില്‍ നിങ്ങളുടെ ഇസ്ലാം അവളെ കൊന്നു; മഹ്‌സ അമിനിക്ക് വേണ്ടി തെരുവിലിറങ്ങി ഇറാനിയന്‍ വനിതകള്‍ | D World
ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനില്‍ ഇസ്‌ലാമിക് ഡ്രസ് കോഡ് (ഹിജാബ് കോഡ്) പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങില്‍ ഇസ്‌ലാമിക ആചാരങ്ങള്‍ വേണ്ടെന്ന് പിതാവ്.

മഹ്‌സയുടെ മൃതശരീരത്തിന് വേണ്ടി ഇസ്‌ലാമിക പ്രാര്‍ത്ഥനകള്‍ അനുവദിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങിനെത്തിയ മതപണ്ഡിതന്മാരെ പിതാവ് തടഞ്ഞു.

”നിങ്ങളുടെ ഇസ്‌ലാം അവളെ തള്ളിപ്പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ അവളുടെ മേല്‍ പ്രാര്‍ത്ഥിക്കാനാണോ വന്നത്?

നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നുന്നില്ലേ? രണ്ട് മുടിയിഴകളുടെ പേരില്‍ നിങ്ങള്‍ അവളെ കൊന്നു!… നിങ്ങളുടെ ഇസ്‌ലാമിനെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകൂ,” എന്ന് മഹ്‌സയുടെ പിതാവ് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, 22കാരിയായ മഹ്സ അമിനിയുടെ മരണത്തില്‍ ഇറാനില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ഹിജാബ് ധരിക്കാതിരിക്കുന്നത് രാജ്യത്തെ നിയമപ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നിരിക്കെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. ഇറാനിലെ ‘സദാചാര പൊലീസി’നെതിരെയും (ഗൈഡന്‍സ് പട്രോള്‍) വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ചയായിരുന്നു മഹ്സ കൊല്ലപ്പെട്ടത്. വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായതിന് പിന്നാലെയായിരുന്നു മരണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം. സംഭവത്തില്‍ ഇറാനിയന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഹിജാബ് കത്തിച്ചുകൊണ്ടും മുടി മുറിച്ചുകൊണ്ടും ഇറാനിലെ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധസമരത്തെ പിന്തുണച്ചുകൊണ്ട് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്റീന്‍ രംഗത്തെത്തിയിരുന്നു.

പ്രതിഷേധ സൂചകമായി ഇറാനിലെ സ്ത്രീകകള്‍ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണെന്നും ലോകത്തിലെ എല്ലാ മുസ്ലിം സ്ത്രീകളും ഇത് പിന്തുടരണമെന്നും ഹിജാബ് എന്നത് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെയും അപമാനിക്കുന്നതിന്റെയും പ്രതീകമാണെന്നുമായിരുന്നു ഇന്ത്യാ ടുഡേയോട് തസ്‌ലീമ നസ്റീന്‍ പറഞ്ഞത്.

ഹിജാബ് യഥാര്‍ത്ഥത്തില്‍ ഒരു ചോയിസ് അല്ലെന്നും ഇറാനില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നിന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ധൈര്യം ആര്‍ജിച്ചെടുക്കുമെന്നും പറഞ്ഞ തസ്‌ലീമ നസ്‌റീന്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കാന്‍ ഇറാനിയന്‍ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെയും പ്രശംസിച്ചിരുന്നു.

”ഭൂരിഭാഗം കേസുകളിലും ഹിജാബ് ഒരു ചോയിസ് അല്ല. കുടുംബത്തില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമുള്ള സമ്മര്‍ദ്ദവും ഭയവുമാണ് കാരണം. ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടത് കൊണ്ടാണ് ചില സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. ഹിജാബ് ധരിച്ചില്ലെങ്കില്‍ തങ്ങളെ മര്‍ദിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.

മതമൗലികവാദികള്‍ സ്ത്രീകളെ ബുര്‍ഖയും ഹിജാബും ധരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഹിജാബ് എന്നത് ഇപ്പോള്‍ ഒരു മതപരമായ വസ്ത്രമല്ല, അതൊരു രാഷ്ട്രീയ ഹിജാബാണ്.

ആയിരക്കണക്കിന് സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, ഇറാനിലെ പ്രതിഷേധം ഈ സ്ത്രീകളെ പ്രോത്സാഹിപ്പിക്കും. ധീരരായ ഇറാനിയന്‍ വനിതകളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,” എന്നായിരുന്നു തസ്‌ലീമ നസ്‌റീന്‍ പറഞ്ഞത്.

Content Highlight: In Iran, protest rise over Mahsa Amini’s death