നടി ലക്ഷ്മിയെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. താന്‍ നിര്‍മിച്ച ആറ് സിനിമകളിലും നായിക ലക്ഷ്മി ആയിരുന്നുവെന്നും താന്‍ സൃഷ്ടിച്ച സ്ത്രീകഥാപാത്രങ്ങളില്‍ ലക്ഷ്മി എന്ന അഭിനേത്രി നിറഞ്ഞാടിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. തന്റെ സിനിമയില്‍ നായികമാരായി അഭിനയിച്ച നടികളുടെ കൂട്ടത്തില്‍ തന്നോട് ഏറ്റവുമധികം സ്‌നേഹവും കടപ്പാടും ആത്മാര്‍ത്ഥതയും പ്രകടിപ്പിച്ച നടി ലക്ഷ്മി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ സ്വന്തമായി നിര്‍മിച്ച ആറ് ചിത്രങ്ങളില്‍ ലക്ഷ്മി നായികയായി. ചട്ടമ്പിക്കല്യാണിയിലെ കല്യാണി, മോഹിനിയാട്ടത്തിലെ മോഹിനി, അക്ഷയപാത്രത്തിലെ നേഴ്‌സ്, സിംഹാസനത്തിലെ നാരായണി, ആധിപത്യത്തിലെ വിലാസിനി, ഗാനത്തിലെ ഗായിക പാലക്കാട്ട് രുഗ്മിണി. അങ്ങനെ
ഞാന്‍ സൃഷ്ടിച്ച ആറ് സ്ത്രീകഥാപാത്രങ്ങളായി ലക്ഷ്മി എന്ന അഭിനേത്രി നിറഞ്ഞാടി.
ഒരു നിര്‍മാതാവ് എന്ന നിലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ എനിക്ക് പറയാന്‍ കഴിയും എന്റെ സിനിമയില്‍ നായികമാരായി അഭിനയിച്ച നടികളുടെ കൂട്ടത്തില്‍ എന്നോട് ഏറ്റവുമധികം സ്‌നേഹവും കടപ്പാടും ആത്മാര്‍ത്ഥതയും പ്രകടിപ്പിച്ച നടി ലക്ഷ്മി തന്നെയാണ്.
ഒരിക്കല്‍ പോലും ഞങ്ങള്‍ക്കിടയില്‍ ഒരു ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇതിനൊരു പ്രധാനകാരണമുണ്ട്. ലക്ഷ്മി ഒരു മികച്ച നടി മാത്രമല്ല, ബുദ്ധിയും വിവേകവും ഭാവനയുമുള്ള സ്ത്രീയുമാണ്. ഞാന്‍ ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ലക്ഷ്മി തന്റെ സംശയങ്ങള്‍ ചോദിക്കും. കഥാപാത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്തു പഠിച്ചതിന് ശേഷം മാത്രമേ അവര്‍ ക്യാമറയുടെ മുമ്പില്‍ വരികയുള്ളൂ,’ ശ്രീകുമാരന്‍ തമ്പി പറയുന്നു.