മലയാള സിനിമാ മേഖലയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. ഹാസ്യ താരമായും സ്വഭാവനടനായും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. സിനിമ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ജഗതി ശ്രീകുമാറിന് ഉണ്ടായ വാഹനാപകടം. അപകടത്തിന് ശേഷം ജഗതി ഇപ്പോൾ സിനിമയിൽ സജീവമല്ല.
മലയാളത്തിലെ മിക്ക സംവിധായകരോടൊപ്പവും വർക്ക് ചെയ്ത ഒരാളാണ് ജഗതി ശ്രീകുമാർ. ജഗതിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരൻ തമ്പി.
താൻ നിർമിച്ച ചട്ടമ്പി കല്യാണി എന്ന സിനിമയിലൂടെയാണ് ജഗതി ശ്രീകുമാർ എന്ന പേര് ആദ്യമായി സ്‌ക്രീനിൽ കാണിക്കുന്നതെന്നും ജഗതിക്ക് നല്ല ടൈമിങ് ഉണ്ടെന്ന് അന്ന് നടൻ അടൂർ ഭാസി പറഞ്ഞിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. സൂപ്പർതാരങ്ങൾക്കുപോലും ലഭിക്കാത്ത ജനപിന്തുണ നേടിയെടുക്കുന്ന ഒരു താരമായി ജഗതി മാറുമെന്ന് താനൊരിക്കലും കരുതിയില്ലെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു ശ്രീകുമാരൻ തമ്പി.
‘ഞാൻ നിർമിച്ച് ശശികുമാർ സംവിധാനംചെയ്ത ‘ചട്ടമ്പി കല്യാണി’ എന്ന ചിത്രത്തിൻ്റെ ടൈറ്റിലിലാണ് ആദ്യമായി ജഗതി ശ്രീകുമാർ എന്ന പേര് പ്രത്യക്ഷപ്പെട്ടത്. തന്റെ പേരിനോടൊപ്പം ജഗതി എന്ന സ്ഥലപ്പേര് വേണ്ട, ശ്രീകുമാർ എന്നുമാത്രം മതി എന്നാണ് ബന്ധുക്കളും ഉറ്റമിത്രങ്ങളും അമ്പിളി എന്ന് വിളിക്കുന്ന ശ്രീകുമാർ എന്നോട് പറഞ്ഞത്.
അമ്പിളിയുടെ പ്രേമവിവാഹത്തെത്തുടർന്ന് അയാൾ പിതാവായ ജഗതി എൻ.കെ. ആചാരിയുമായി അക്കാലത്ത് അകൽച്ചയിലായിരുന്നു. എന്നാൽ ലക്ഷ്മിയും അടൂർഭാസിയും ചേരുന്ന ആദ്യരംഗം ഷൂട്ട്ചെയ്യുമ്പോൾത്തന്നെ ആ നടൻ്റെ ഭാവി ഞാൻ ഭാവനയിൽക്കണ്ടു. അതുവരെ താൻ നിശ്ചയിച്ച ബഹദൂറിന്റെ സ്ഥാനത്ത് ഒരു പുതിയ പയ്യനെ അവരോധിച്ച നിർമാതാവായ എന്നോട് പിണങ്ങിയിരുന്ന ശശി കുമാറിൻ്റെ മുഖവും തെളിഞ്ഞു കണ്ടു.
എങ്ങനെയുണ്ട്? എന്ന് ഞാൻ അടൂർ ഭാസിയോട് ചോദിച്ചു. കൊള്ളാം, നല്ല ടൈമിങ് ഉണ്ട്, എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
എങ്കിലും സൂപ്പർതാരങ്ങൾക്കുപോലും ലഭിക്കാത്ത ജനപിന്തുണ നേടിയെടുക്കുന്ന ഒരു താരമായി അമ്പിളി വളരുമെന്നോ, എനിക്ക് പോലും കാൾഷീറ്റ് നൽകാൻ പറ്റാത്ത അവസ്ഥയിലേക്ക് അയാൾ ഉയരുമെന്നോ സ്വപ്‌നത്തിൽപ്പോലും ഞാൻ വിചാരിച്ചില്ല എന്നതാണ് സത്യം,’ശ്രീകുമാരൻ തമ്പി പറയുന്നു.
Content Highlight: Sreekumaran Thambi About Jagathy Sreekumar