സ്‌പെയ്ന്‍- ക്രൊയേഷ്യ തീപാറും പോരാട്ടം, ഫ്രാന്‍സിന്റെ പുറത്താകല്‍, അര്‍ജന്റീനയുടെ കുതിപ്പ്; ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാകാത്ത രാവ്
Football
സ്‌പെയ്ന്‍- ക്രൊയേഷ്യ തീപാറും പോരാട്ടം, ഫ്രാന്‍സിന്റെ പുറത്താകല്‍, അര്‍ജന്റീനയുടെ കുതിപ്പ്; ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാകാത്ത രാവ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th June 2021, 11:19 am

കോപന്‍ഹേഗന്‍/ ബുക്കാറസ്റ്റ്/ ബ്യൂണസ് ഐറിസ്: ഏതൊരു ഫുട്‌ബോള്‍ ആരാധകനെ സംബന്ധിച്ചിടത്തോളവും ഉറക്കമില്ലാത്ത, മറക്കാനാകാത്ത രാവായിരുന്നു കഴിഞ്ഞ ദിവസം. രാത്രി യൂറോ കപ്പില്‍ അതിമനോഹരമായ രണ്ട് മത്സരങ്ങല്‍, രാവിലെ കോപ്പ അമേരിക്കയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ അര്‍ജന്റീനയുടെ വിജയം. ഇതോടെ ഫുട്‌ബോള്‍ ആരാധകര്‍ ഹാപ്പി.

യൂറോ കപ്പില്‍ സ്‌പെയ്ന്‍- ക്രൊയേഷ്യ മത്സരം ഗോളുകള്‍ വര്‍ഷിച്ച പോരാട്ടമായിരുന്നു. ലക്ഷണമൊത്ത ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കോപന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ അരങ്ങേറിയത്.

ഒരുവേള മുന്‍ ലോകചാമ്പ്യന്‍മാരെ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ തോല്‍പ്പിക്കുമെന്ന് തോന്നിച്ച നിമിഷം വരെ ഇന്നലെ കാണാനായി.

സ്പെയ്ന്‍ ജയിച്ചുവെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു ഏഴ് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി ക്രൊയേഷ്യ മത്സരം അധിക സമയത്തേക്ക് നീട്ടി ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടിയത്. എന്നാല്‍ മത്സരത്തില്‍ അവസാനം സ്പെയ്ന്‍ ചിരിച്ചു.

12 മിനുട്ടില്‍ എട്ട് ഗോളുകളാണ് ഈ മത്സരത്തില്‍ മാത്രം കാണാനായത്. മത്സരം അവസാനിക്കുമ്പോള്‍ ക്രൊയേഷ്യയെ 5-3ന് വീഴ്ത്തി സ്പെയ്ന്‍ യൂറോ കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്റെ യൂറോ കപ്പിലെ പുറത്താകലിനും ഇന്നലെ ഫുട്‌ബോള്‍ ലോകം സാക്ഷിയായി.
ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ഫ്രാന്‍സിനെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ഷൂട്ടൗട്ടിലേക്ക് ഫ്രാന്‍സിനായി അഞ്ചാമത്തെ കിക്കെടുത്ത സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഷോട്ട് തടഞ്ഞ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറാണ് ടീമിനെ അവസാന എട്ടിലെത്തിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും മൂന്നു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ വിജയക്കുതിപ്പോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി മെസ്സി കളം നിറഞ്ഞ കളിയില്‍ ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്.

മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മെസ്സിയും സംഘവും ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പ് എ യില്‍ നിന്നും 10 പോയിന്റുകളാണ് അര്‍ജന്റീനയുടെ സമ്പാദ്യം. തുടക്കം മുതലേ സമ്പൂര്‍ണ ആധിപത്യവുമായി മൈതാനം ഭരിച്ച നീലക്കുപ്പായക്കാര്‍ ആദ്യ മിനിറ്റുകളില്‍ തന്നെ ഗോളും നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Spain-Croatia firefight, France elimination, Argentina leap; An unforgettable night for football fans