അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് പിന്നാലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലും ഇസ്രഈലിനെതിരെ കേസ് ഫയൽ ചെയ്ത് സൗത്ത് ആഫ്രിക്ക
World News
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് പിന്നാലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലും ഇസ്രഈലിനെതിരെ കേസ് ഫയൽ ചെയ്ത് സൗത്ത് ആഫ്രിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th December 2023, 8:56 am

ഗസ: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈലിനെതിരെ വംശഹത്യക്ക് കേസ് ഫയൽ ചെയ്ത് സൗത്ത് ആഫ്രിക്ക.

ഫലസ്തീനിലെ ദേശീയ, വംശീയ ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വംശഹത്യ സ്വഭാവമാണ് ഇസ്രഈലി ആക്രമണങ്ങൾക്ക് ഉള്ളതെന്ന് സൗത്ത് ആഫ്രിക്ക പറയുന്നു.

ഇസ്രഈലിന്റെ ആക്രമണങ്ങൾ യു.എന്നിന്റെ ജീനോസൈഡ് കൺവെൻഷൻ ലംഘിക്കുന്നുണ്ടെന്ന് ആരോപിച്ച സൗത്ത് കൊലപാതകം അവസാനിപ്പിക്കാനും ഫലസ്തീനികളെ ശരീരികമായും മാനസികമായും വേട്ടയാടുന്നത് അവസാനിപ്പിക്കാനും ഇസ്രഈലിന് ഉത്തരവ് നൽകാൻ ആഫ്രിക്ക നീതി ന്യായ കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ നൽകിയ കേസ് തള്ളുകയാണെന്ന് ഇസ്രഈലിന്റെ വിദേശകാര്യ മന്ത്രി അറിയിച്ചു.

ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണങ്ങൾക്കെതിരെ മുന്നോട്ട് വന്ന സൗത്ത് ആഫ്രിക്ക ഗസയിലെ ആക്രമണങ്ങളിൽ ഇസ്രഈലിനെ വിചാരണ ചെയ്യാൻ വേണ്ടിയും രംഗത്ത് വന്നിരുന്നു.

സൗത്ത് ആഫ്രിക്കയിലെ പ്രിടോറിയയിലുള്ള ഇസ്രഈലി എംബസി അടച്ചുപൂട്ടുവാൻ രാജ്യത്തെ പാർലമെന്റ് അംഗങ്ങൾ കഴിഞ്ഞ മാസം വോട്ടെടുപ്പ് നടത്തിയിരുന്നു. ഇസ്രഈൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ ഇസ്രഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും രാജ്യം നിർത്തിവെച്ചു.

നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും സൗത്ത് ആഫ്രിക്ക ഇസ്രഈലിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കയെ വർണ വിവേചന കാലഘട്ടത്തിലെ കറുത്ത വർഗക്കാരുമായാണ് രാജ്യം ഫലസ്തീനികളുടെ ദുരവസ്ഥയെ താരതമ്യം ചെയ്യുന്നത്.

അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്ന, ഐക്യരാഷ്ട്ര സഭയുടെ ആറ് പ്രധാന ഘടകങ്ങളിലൊന്നാണ് അന്താരാഷ്ട്ര നീതി ന്യായ കോടതി.

Content Highlight: South Africa files ICJ lawsuit against Israel over ‘genocidal acts’