ബി.ജെ.പി ഭരണം മനുസ്മൃതി പ്രകാരമുള്ള രഹസ്യ അജണ്ടയില്‍; ഭരണഘടനയെ കുറിച്ച് പറയുമ്പോള്‍ കേന്ദ്രം സനാതന ധര്‍മത്തെക്കുറിച്ച് പറയുന്നു: നിതീഷ് കുമാര്‍
national news
ബി.ജെ.പി ഭരണം മനുസ്മൃതി പ്രകാരമുള്ള രഹസ്യ അജണ്ടയില്‍; ഭരണഘടനയെ കുറിച്ച് പറയുമ്പോള്‍ കേന്ദ്രം സനാതന ധര്‍മത്തെക്കുറിച്ച് പറയുന്നു: നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th December 2023, 11:30 pm

ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത് മനുസ്മൃതി പ്രകാരമുള്ള രഹസ്യ അജണ്ടയിലാണെന്ന വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യത്തെ പിന്നാക്കക്കാരുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ നിഷേധിക്കപെടുന്നുവെന്ന് ഉയര്‍ത്തിക്കാട്ടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സനാതന ധര്‍മത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ജെ.ഡി.യു കുറ്റപ്പെടുത്തി.

ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷം സംസാരിക്കുമ്പോള്‍, ബി.ജെ.പി സനാതന ധര്‍മത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും ജെ.ഡി.യു പറഞ്ഞു.

വിവേചനപരമായ നടപടികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിനാല്‍, സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും പ്രയാസകരമായ അവസ്ഥയാണ് നിലവില്‍ ഇന്ത്യ നേരിടുന്നതെന്ന് ജെ.ഡി.യുവിന്റെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ നടപടികള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനക്കുമെതിരായ വലിയ ഭീഷണിയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നത് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെയും ഫെഡറല്‍ ഘടനയെയും ദുര്‍ബലപ്പെടുത്തുമെന്നും പ്രമേയത്തില്‍ പറയുന്നു.

സമൂഹത്തില്‍ ഇപ്പോള്‍ ഭയവും വെറുപ്പും സൃഷ്ടിക്കപ്പെടുകയാണെന്നും രാഷ്ട്രീയം വഞ്ചനയുടെയും പ്രതികാരത്തിന്റെയും രൂപം സ്വീകരിക്കാന്‍ തുടങ്ങിയെന്നും, ഇതിനെല്ലാം കാരണമാവുന്നത് ബി.ജെ.പി സര്‍ക്കാരിന്റെ ചെയ്തികളാണെന്നും ജെ.ഡി.യു ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും അവയില്‍ നിന്ന് സാധാരണക്കാരുടെ ശ്രദ്ധ തിരിക്കുന്നതിനായി വ്യാജ മുദ്രാവാക്യങ്ങളും പദ്ധതികളും ഉയര്‍ത്തുന്നുവെന്നും ജെ.ഡി.യു ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു.

Content Highlight: Nitish Kumar says that while talking about the Constitution, the Central Govt is talking about Sanatana Dharma