കൊവിഡ് കാലത്ത് അവര് ചെയ്യുന്ന കാര്യങ്ങള്‍ നോക്കു, സോനുസൂദിനെയോ സല്‍മാന്‍ ഖാനെയോ അടുത്ത പ്രധാനമന്ത്രിയാക്കണം; രാഖി സാവന്ത്
Covid 19 India
കൊവിഡ് കാലത്ത് അവര് ചെയ്യുന്ന കാര്യങ്ങള്‍ നോക്കു, സോനുസൂദിനെയോ സല്‍മാന്‍ ഖാനെയോ അടുത്ത പ്രധാനമന്ത്രിയാക്കണം; രാഖി സാവന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th May 2021, 8:55 pm

മുംബൈ: കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വെച്ച് ബോളിവുഡ് നടന്മാരായ സോനു സൂദിനെയോ സല്‍മാന്‍ ഖാനെയോ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കണമെന്ന് നടി രാഖി സാവന്ത്.

കൊവിഡ് കാലത്ത് ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവരെ പ്രധാനമന്ത്രിയാക്കണമെന്ന് രാഖി സാവന്ത് പറഞ്ഞത്.

‘സല്‍മാന്‍ ഖാനെയോ സോനു സൂദിനെയോ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കണം, അവരാണ് യഥാര്‍ത്ഥ ഹീറോകള്‍, സോനു സൂദ് തന്റെ രാജ്യത്തെയും നാട്ടുകാരെയും ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നു. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ , അമിതാഭ് ബച്ചന്‍ , അവര്‍ തങ്ങളുടെ രാജ്യത്തെ ജനങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നോക്കൂ’ എന്നും രാഖി പറഞ്ഞു.

നേരത്തെ നടനും കൊമേഡിയനുമായ വീര്‍ ദാസും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയാകാന്‍ സോനു സൂദ് ആണ് യോഗ്യന്‍ എന്നായിരുന്നു വീര്‍ ദാസ് പറഞ്ഞത്.

കൊവിഡ് രണ്ടാം തരംഗത്തിലും നിരവധി പ്രവര്‍ത്തനങ്ങളാണ് സോനു സൂദും, സല്‍മാനും നടത്തുന്നത്. 2020ല്‍ കൊറോണ വൈറസ് തീവ്രമായി പടരാന്‍ തുടങ്ങിയ സമയം മുതല്‍ സന്നദ്ധ പ്രവര്‍ത്തനവും സഹായങ്ങളും നല്‍കിക്കൊണ്ട് കൊവിഡ് പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് സോനു സൂദ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ശ്രമിക്കുകയാണ് സോനു സൂദ് ഇപ്പോള്‍.

 

View this post on Instagram

 

A post shared by ETimes TV (@etimes_tv)

രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി കാണുമ്പോള്‍ തന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയത് നന്നായെന്ന് തോന്നുകയാണെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ നേരത്തെ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ . ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ 25000 ജീവനക്കാര്‍ക്ക് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.

മുമ്പ് ശിവസേനയുടെ യുവജനവിഭാഗവുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിക്കാനും സല്‍മാന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Sonu Sood or Salman Khan should be the next Prime Minister; Rakhi Sawant