പനീര്‍സെല്‍വത്തിന്റെ എതിര്‍പ്പ് വിലപോയില്ല; തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമി പ്രതിപക്ഷ നേതാവ്
TN Election 2021
പനീര്‍സെല്‍വത്തിന്റെ എതിര്‍പ്പ് വിലപോയില്ല; തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമി പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th May 2021, 7:35 pm

ചെന്നൈ: നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസാമിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഒ.പനീര്‍സെല്‍വത്തെ അനുകൂലിക്കുന്ന നേതാക്കള്‍ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയെ വലിയ തോല്‍വിയിലേക്ക് തള്ളിയിട്ടതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസാമിയുടെതാണെന്നായിരുന്നു പനീര്‍സെല്‍വം പക്ഷത്തിന്റെ ആരോപണം.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. ഒടുവിലാണ് പളനിസാമിയെ തന്നെ നേതാവായി തെരഞ്ഞെടുത്തത്.

അണ്ണാ ഡി.എം.കെ – ബി.ജെ.പി സഖ്യത്തെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം തമിഴ്നാട്ടില്‍ ഇത്തവണ അധികാരത്തിലെത്തിയത്.

ചെന്നൈയില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. സ്റ്റാലിന്റെ മകനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല.

അധികാരമേറ്റതിന് പിന്നാലെ അഞ്ച് ഉത്തരവുകളില്‍ സ്റ്റാലിന്‍ ഒപ്പ് വെച്ചിരുന്നു.റേഷന്‍ കാര്‍ഡ് ഉള്ള കുടുംബത്തിന് 4000 രൂപ നല്‍കുന്ന പദ്ധതിയടക്കം അഞ്ച് സുപ്രധാന തീരുമാനങ്ങളിലാണ് സ്റ്റാലിന്‍ അധികാരമേറ്റയുടന്‍ ഒപ്പ് വെച്ചത്.

സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കുക, കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുടങ്ങിയവയാണ് ഉത്തരവുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Edappadi Palanisamy is the Leader of the Opposition in Tamil Nadu