'നിന്റെ നാല് തൊലിഞ്ഞ കിളവന്മാരെ തൂക്കിയടിച്ച് എനിക്ക് പോകാൻ അറിയാൻ മേലാഞ്ഞിട്ടല്ല'; ആ ഡയലോഗോട് കൂടി ബൈജുവിന്റെ കഥാപാത്രം ദിലീപിനെ അങ്ങ് കൊന്നിരുന്നെങ്കിൽ....
എന്തൊക്കെ കാട്ടിയാലും ഇനി ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ് ദിലീപിനും ‘ഭഭബ’ സിനിമയ്ക്കും. തിയേറ്റർ റിലീസിന് പിന്നാലെ ഒരു വിഭാഗം പ്രേക്ഷകർ സിനിമയെ ട്രോളി എയറിലാക്കുകയും ഒ.ടി.ടി റിലീസിന് ശേഷം അത് കുറച്ചുകൂടി കൂടിയിരിക്കുകയുമാണ്. ഇപ്പോൾ എയറിൽ നിന്നിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ‘ഭഭബ’യും അതിലെ ഓരോ കഥാപാത്രവും.
മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഇത്രയധികം ട്രോളുകൾ ഒരുമിച്ച് വാരിക്കൂട്ടിയ മറ്റൊരു സിനിമ ഉണ്ടോ എന്ന ചോദ്യം തന്നെ സോഷ്യൽ മീഡിയ ഉയർത്തുന്നു. എന്തിനേറെ പറയണം, മലയാള സിനിമയുടെ അഭിമാന താരമായ മോഹൻലാലിനേയും ട്രോളുകളുടെ പൊടിപൂരത്തിലേക്ക് വലിച്ചിഴക്കാൻ ‘ഭഭബ’ക്ക് കഴിഞ്ഞു.
ഇപ്പോഴിതാ, ചിത്രത്തിലെ ഒരു പ്രത്യേക രംഗം ഇങ്ങനെയായിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. അതിന്റെ കാരണവും അവർ തന്നെ സോഷ്യൽ മീഡിയയിൽ വിശദീകരിക്കുന്നു അതാണ് ഏറ്റവും രസകരവും.
ചിത്രത്തിൽ ഒരു സീനുണ്ട്. ബൈജുവിനെ ദിലീപ് കിഡ്നാപ്പ് ചെയ്തതിന് ശേഷം, ദിലീപിന്റെ കുറെ ‘കിളവൻ പടയാളികളെ’ അടിച്ചിട്ട് ഒരു ഹീറോ പരിവേഷത്തിൽ ബൈജു ദിലീപിനോട് സംസാരിക്കുന്ന രംഗം. അവിടെ ദിലീപിന്റെ കഥാപാത്രത്തോട് ബൈജു പറയുന്ന ഡയലോഗ് ഉണ്ട്
‘നിന്റെ നാല് തൊലിഞ്ഞ കിളവന്മാരെ തൂക്കിയടിച്ചിട്ട് എനിക്കിവിടുന്ന് പോകാൻ അറിയാൻ മേലാഞ്ഞിട്ടല്ല….പക്ഷെ ഞാനങ്ങനെ പോയാൽ നിന്റെ പൊടി പോലും കിട്ടൂല്ല….’
ഈ ഡയലോഗോടെ ബൈജുവിന്റെ കഥാപാത്രം ദിലീപിന്റെ കഥാപാത്രത്തെ അവിടെത്തന്നെ കൊന്നിരുന്നെങ്കിൽ എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ ആഗ്രഹം. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, ആരും ശ്രദ്ധിക്കാതെ പോകാവുന്ന 50 മിനിറ്റുള്ള ഒരു ഷോർട്ട് ഫിലിമായി അത് അവിടെ അവസാനിച്ചേനേ എന്നും, പിന്നീടുള്ള ‘തൊലിഞ്ഞ പ്രകടനങ്ങൾ’ ആരും കാണേണ്ടി വരില്ലായിരുന്നെന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പരിഹസിക്കുന്നു.
ഇതോടുകൂടി അവസാനിച്ചിലൊരുന്നെങ്കിൽ ആ ഷോർട്ട് ഫിലിമിന് ഒരു പേരിടാനും പ്രേക്ഷകർ മറന്നില്ല ‘മേലാൽ ഇമ്മാതിരി തൊലിഞ്ഞ കോമഡിയുമായി ഈ വഴി വരരുതേ..’ എന്നായിരുന്ന് ആ രസകരമായ പേര്.
ഒരു സിനിമയിലെ ഒരു കഥാപാത്രത്തിന് ട്രോളുകൾ ലഭിക്കാം. പക്ഷേ എല്ലാ കഥാപാത്രങ്ങളും എയറിൽ കയറാൻ മത്സരിച്ച് അഭിനയിച്ച ഒരു സിനിമയായിരുന്നു ‘ഭഭബ’ എന്നാണ് ട്രോളന്മാരും പ്രേക്ഷകരും ഒരുപോലെ പറയുന്നത്.
‘ലോജിക്കില്ല, മാഡ്‌നസ് മാത്രമേ ഉള്ളൂ’ എന്ന് എഴുതി വെച്ചത് എന്തായാലും നന്നായി, ഒരു വട്ടം അടിച്ച ചളി പിന്നെയും പിന്നെയും അടിക്കേണ്ടതുണ്ടോ? ഒരു വട്ടമെങ്കിലും സഹിച്ചില്ലേ? ഇനി പ്രേക്ഷകരെ ഇങ്ങനെ കൊല്ലണോ? എന്നിങ്ങനെയുള്ള നിരവധി കമന്റുകളും ട്രോളുകളുമാണ് സിനിമ ഏറ്റുവാങ്ങുന്നത്.
ഭഭബ, Photo: YouTube/ Screen grab
വെറുതെ നിന്ന മോഹൻലാലിനെ അതിഥിവേഷത്തിലേക്ക് വിളിച്ചു വരുത്തി ട്രോൾ മഴ ഒരുക്കിയതിലും ‘ഭഭബ’ വിജയിച്ചു. മോഹൻലാൽ അവതരിപ്പിച്ച വിജയ് ആരാധകനായ ഗില്ലി ബാല എന്ന കഥാപാത്രത്തിന്റെ കോപ്രായങ്ങളും ആക്ഷനും തന്നെയാണ് ട്രോളർമാർ ഏറ്റെടുത്തത്.
എന്തൊക്കെയായാലും, ബൈജു സന്തോഷ് അവതരിപ്പിച്ച സി കെ ജോസഫ് എന്ന കഥാപാത്രം റാം ദാമോദർ എന്ന റഡാറിനെ അവിടെത്തന്നെ ഒന്ന് കൊന്നിരുന്നെങ്കിൽ എന്നതാണ് പ്രേക്ഷകരുടെ ആഗ്രഹം.
ഇത്രയും ലോജിക്കില്ലാത്ത തിരക്കഥയെഴുതിയതിനും സിനിമയെടുത്തതിനും നൂറിനും നിർമ്മാതാവ് ഗോകുലം ഗോപാലനും നേരത്തെ തന്നെ ട്രോളുകൾ ഏറ്റുവാങ്ങിയതാണ്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ ഓരോ കഥാപാത്രവും മോശം അഭിനയത്തിൽ മുന്നിട്ട് നിൽക്കുകയാണെന്ന ഒരേ അഭിപ്രായമാണ് പ്രക്ഷകർക്ക്.
Content Highlight: Social media trolls the movie Bha Bha Ba
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.