സിനിമയും സീരിയലും കഴിഞ്ഞു, അടുത്ത് എ.ഐയോ അനിമേഷനോ? ദൃശ്യം 4 അനൗണ്‍സ്‌മെന്റിന് പിന്നാലെ ട്രോളുകള്‍
Malayalam Cinema
സിനിമയും സീരിയലും കഴിഞ്ഞു, അടുത്ത് എ.ഐയോ അനിമേഷനോ? ദൃശ്യം 4 അനൗണ്‍സ്‌മെന്റിന് പിന്നാലെ ട്രോളുകള്‍
അമര്‍നാഥ് എം.
Monday, 24th August 2026, 12:35 pm

മോളിവുഡിലെ ഏറ്റവും വലിയ ബ്രാന്‍ഡ് എന്നറിയപ്പെടുന്ന ഫ്രാഞ്ചൈസിയാണ് ദൃശ്യം. മലയാളസിനിമാചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ദൃശ്യം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമെന്ന നേട്ടവും സ്വന്തമാക്കി.

കഴിഞ്ഞദിവസം ഒരു അവാര്‍ഡ് ഫങ്ഷനിടെ ദൃശ്യത്തിന്റെ നാലാം ഭാഗം അനൗണ്‍സ് ചെയ്തിരുന്നു. സംവിധായകന്‍ ജീത്തു ജോസഫിന്റെ സാന്നിധ്യമുള്ള വേദിയില്‍ വെച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 4 അനൗണ്‍സ് ചെയ്തത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

എന്നാല്‍ നാലാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും ആരംഭിച്ചുകഴിഞ്ഞു. വലിയ പ്രതീക്ഷയിലെത്തിയ മൂന്നാം ഭാഗം മേക്കിങ്ങിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ടിരുന്നു. നാലാം ഭാഗം ചെയ്യരുതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ദൃശ്യം എന്ന ബ്രാന്‍ഡിന്റെ പേര് കളയുന്ന ഒന്നായിരുന്നു മൂന്നാം ഭാഗമെന്നും നാലാം ഭാഗം വന്നാല്‍ ഉള്ള പേര് കൂടി പോകുമെന്നും കമന്റുകളുണ്ട്.

ആദ്യഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ ജീവിതവും രണ്ടാം ഭാഗത്തില്‍ ജോര്‍ജുകുട്ടി നടത്തുന്ന നാടകവുമാണ് ജീത്തു കാണിച്ചതെന്ന് ചില പോസ്റ്റില്‍ പറയുന്നു. മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ സിനിമാ നിര്‍മാണം കാണിച്ച സ്ഥിതിക്ക് അടുത്തത് എ.ഐയോ അനിമേഷനോ ആയിരിക്കുമെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്.

ദൃശ്യം എന്നത് ബോക് ഓഫീസ് കളക്ഷനുള്ള പ്രൊഡക്ടായി ആന്റണി പെരുമ്പാവൂരും ജീത്തു ജോസഫും കാണരുതെന്നും വിമര്‍ശനങ്ങളുണ്ട്. ലോജിക്കില്ലാത്ത തിരക്കഥയും സീരിയല്‍ നിലവാരമുള്ള മേക്കിങ്ങുമായി എത്തിയ ദൃശ്യം 3 200 കോടിയോളം നേടിയത് ആ ബ്രാന്‍ഡിനോടുള്ള പ്രേക്ഷകരുടെ സ്‌നേഹം കൊണ്ടാണെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു.

നിലവിലെ ലൈനപ്പുകള്‍ കാരണം 2027 മുഴുവന്‍ മോഹന്‍ലാലിന് ബാക്ക് ടു ബാക്ക് പ്രൊജക്ടുകളായിരിക്കുമെന്നും അതിനാല്‍ ഈ തീരുമാനത്തില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ പിന്മാറിയേക്കുമെന്നും ചിലര്‍ പ്രവചിക്കുന്നുണ്ട്. മൂന്നാം ഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങള്‍ക്ക് ജീത്തു ദൃശ്യം 4ലൂടെ മറുപടി നല്‍കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Social media criticizing Antony Perumbavoor for announced fourth part of Drishyam

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം