ഹിറ്റ് സിനിമകളുടെ വാര്‍ഷികം ആഘോഷിക്കുന്നത് എല്ലാവര്‍ക്കും പരിചയമുള്ള കാര്യമാണ്. എന്നാല്‍ പ്രേക്ഷകരും നിരൂപകരും ഒരുപോലെ തള്ളിക്കളഞ്ഞ, തിയേറ്ററില്‍ സിനിമ കണ്ടവര്‍ ഒന്നടങ്കം കുറ്റപ്പെടുത്തിയ പരാജയസിനിമയുടെ വാര്‍ഷികമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ തിയേറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്.
250 കോടി ബജറ്റിലെത്തി 120 കോടി മാത്രം സ്വന്തമാക്കിയ കങ്കുവയുടെ ഒന്നാം വാര്‍ഷികം ട്രോളന്മാര്‍ ആഘോഷിക്കുകയാണ്. റിലീസിന് മുമ്പ് സിനിമയുടെ ക്രൂ അംഗങ്ങള്‍ പ്രൊമോഷനില്‍ പറഞ്ഞ വാക്കുകള്‍ ഓരോന്നായി പൊടിതട്ടിയെടുത്തിട്ടുണ്ട്. ‘തമിഴിന് പുറത്തുള്ള എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള ആളുകള്‍ വാ പിളര്‍ന്ന് ഈ സിനിമ കണ്ടുതീര്‍ക്കും’ എന്ന് സൂര്യ പറയുന്ന വീഡിയോ ഇന്ന് പല ട്രോള്‍ പേജുകളും കുത്തിപ്പൊക്കി.
കങ്കുവയുടെ ആദ്യ ഭാഗത്തിന് ആരെങ്കിലും ക്ലാഷ് വെച്ചേക്കാമെന്നും രണ്ടാം ഭാഗത്തിന് ആരും ക്ലാഷ് വെക്കില്ലെന്നും നിര്‍മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞതും ഇപ്പോള്‍ വൈറലാണ്. കങ്കുവ പാര്‍ട് 2 എന്ന് ഷൂട്ട് തുടങ്ങുമെന്നാണ് പലരും ചോദിക്കുന്നത്. റിലീസ് ചെയ്ത് ഒരു വര്‍ഷമായിട്ടും സക്‌സസ് മീറ്റ് വെക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചുകൊണ്ട് ജ്ഞാനവേല്‍ രാജയെ ടാഗ് ചെയ്ത പോസ്റ്റുകള്‍ വൈറലാണ്.
ദിഷാ പഠാണിയും സൂര്യയും തമ്മിലുള്ള ഐക്കോണിക് ഡയലോഗും ഇന്നേദിവസം കുത്തിപ്പൊക്കിയിട്ടുണ്ട്. ‘യോ യോ പുടിച്ചത് നാന്‍ താന്‍, ഹെ ഹേ മുടിച്ചത് നാന്‍ താന്‍’ എന്ന ഡയലോഗ് ട്രോള്‍ പേജുകളില്‍ ഇപ്പോള്‍ വൈറലാണ്. പൊറുവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സെയ്യോണ്‍ നന്ദനെതിരെയും ട്രോളുകളുണ്ട്.
പുലര്‍ച്ചെ നാല് മണിക്കുള്ള ഷോ കാണാന്‍ കയറിയവര്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ വെറും മൂളല്‍ മാത്രമാണ് കേട്ടതെന്നുള്ള പോസ്റ്റുകളും ഇപ്പോള്‍ വൈറലാണ്. ചെവി പൊട്ടിപ്പോകുന്ന തരത്തിലുള്ള സൗണ്ട് മിക്‌സിങ്ങിന്റെ ഓര്‍മകളും ചിലര്‍ അയവിറക്കുന്നുണ്ട്. രാധേ ശ്യാമിനെ പിന്തള്ളി ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഡിസാസ്റ്ററെന്ന മോശം നേട്ടമായിരുന്നു കങ്കുവ സ്വന്തമാക്കിയത്.
അജിത്തിന് വിവേകവും രജിനിക്ക് അണ്ണാത്തേയും നല്കി ട്രോള്‍ മെറ്റീരിയലാക്കിയ ശിവ, സൂര്യക്കും ആരാധകര്‍ക്കും നല്കിയ ലൈഫ് ടൈം ട്രോമ എന്നാണ് കങ്കുവയെ വിശേഷിപ്പിക്കുന്നത്. കരിയറിലെ രണ്ടര വര്‍ഷത്തോളം സമയം ഇത്തരമൊരു സിനിമക്ക് വേണ്ടി മാറ്റിവെച്ച സൂര്യയുടെ തീരുമാനത്തെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് സൂര്യയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാരണം ആയിരവും റിലീസായത്. കരിയറിലെ ഏറ്റവും മികച്ച സിനിമയും ഏറ്റവും മോശം സിനിമയും ഒരേദിവസം റിലീസായെന്ന അപൂര്‍വ നേട്ടം സൂര്യയുടെ പേരിലാണ്.
Content Highlight: Social Media bashing Kanguva movie on it’s first Anniversary